അമിതാധികാരത്തിന്റെ ഇടുക്കങ്ങള്‍ക്കിടയില്‍
കാനം രാജേന്ദ്രനെതിരായി പോസ്റ്റര്‍ ഒട്ടിച്ച സംഭവം കേരളത്തില്‍ ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ മിക്കതും ചുറ്റിക്കറങ്ങിയത് സി.പി.ഐയിലെ ഗ്രൂപ്പിസം, പണ്ട്് ഉശിരേറെയുള്ള നേതാവായിരുന്ന കാനത്തിന്റെ പുതുതായി രൂപപ്പെട്ട സി.പി.എം വിധേയത്വം, ഇടതുപക്ഷത്തിന്റെ അപചയങ്ങള്‍, തുടങ്ങിയ വിഷയങ്ങള്‍ക്ക് ചുറ്റുമാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത് കേരളത്തിന്റെ ഭരണരംഗത്ത് നിലനില്‍ക്കുന്ന അമിതാധികാരപ്രയോഗമായിരുന്നു. പൊലിസ് കൈക്കൊള്ളുന്ന വഴിവിട്ട നടപടിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരം കാര്യങ്ങള്‍ പാസിങ് റഫറന്‍സ് മാത്രമായി ചുരുങ്ങി, പ്രശ്‌നത്തിന്റെ മര്‍മം അവഗണിക്കപ്പെടുകയും ചെയ്തു.
കോടതി, പൊലിസ് തുടങ്ങിയ ഭരണകൂടത്തിന്റെ അധികാരഘടനകളോട് വലിയ ആഭിമുഖ്യമൊന്നും ഇടതുപക്ഷത്തിനില്ല. മര്‍ദനോപാധികളുപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തീര്‍ത്തും എതിരാണ്. ബൂര്‍ഷ്വാകോടതി, കൊഞ്ഞാണന്‍ മജിസ്‌ട്രേറ്റ്, ഇടിയന്‍ പൊലിസ് തുടങ്ങിയ ഇടതുപക്ഷനേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രയോഗങ്ങള്‍, ജനകീയ സമരങ്ങളാണ് അമിതാധികാരപ്രയോഗങ്ങളല്ല തങ്ങളുടെ മുമ്പിലുള്ള വഴി എന്നതിലേക്കുള്ള സൂചനകളുമാണ്. ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ പൊലിസും പട്ടാളവുമെല്ലാം പുല്ലാണ് എന്നാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന ആദ്യപാഠങ്ങളിലൊന്ന്.
എന്നിട്ടും ഇടതുപക്ഷം ഭരിക്കുന്ന ഒരുനാട്ടില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരില്‍ പോസ്റ്ററൊട്ടിച്ചതിന്റെ പേരില്‍ പൊലിസ് കേസെടുക്കുന്നു. പോസ്റ്ററൊട്ടിച്ചുവെന്ന് പറയപ്പെടുന്ന അതേ പാര്‍ട്ടിക്കാരെ പൊലിസ് അറസ്റ്റ് ചെയ്യുന്നു. ഇതിന്റെ യുക്തിയാണ് പ്രബുദ്ധകേരളത്തിനു പിടികിട്ടാത്തത്, അറസ്റ്റ്‌ചെയ്യേണ്ട കുറ്റമാണോ പോസ്റ്ററൊട്ടിക്കല്‍? രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒട്ടിച്ച പോസ്റ്റല്ല, സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ വേണ്ടി ഒട്ടിച്ച പോസ്റ്ററാണ് ആലപ്പുഴയിലേത് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പോസ്റ്ററൊട്ടിക്കല്‍ പൊലിസ് നടപടി ആവശ്യപ്പെടുന്ന കുറ്റകൃത്യമല്ല, വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റത്തിന് ഐ.പി.സി 500ാം വകുപ്പനുസരിച്ച് ശിക്ഷയുണ്ട്. എന്നാല്‍ അപകീര്‍ത്തിക്ക് വിധേയനായി എന്നു പറയുന്ന ആള്‍ പരാതിപ്പെടണം. പരാതിയില്ലാതെ പൊലിസിനു സ്വമേധയാ കേസെടുക്കാനാവില്ല. ഉടമയുടെ സമ്മതമില്ലാതെ ചുമരോ, മതിലോ പോസ്റ്ററൊട്ടിക്കാന്‍ ഉപയോഗിച്ചാലും പരാതിയുണ്ടെങ്കില്‍ കേസെടുക്കാം. അപകീര്‍ത്തിപ്പെടുത്തിയതായി കേസെടുക്കണമെങ്കില്‍ പോസ്റ്ററിലെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന തികഞ്ഞ ബോധ്യം വരുകയും വേണം. ആലപ്പുഴയിലെ 'വിവാദ പോസ്റ്റര്‍' ഈ മാനദണ്ഡങ്ങളുടെയൊന്നും പരിധിയില്‍ വരുന്നില്ല. തികഞ്ഞ രാഷ്ട്രീയമാണ് അതിനുപിന്നിലുള്ളത്. എന്നിട്ടും അതിന്റെ പേരില്‍ പൊലിസ് നടപടിയുണ്ടാകുന്നുവെങ്കില്‍ ഒന്നേയുള്ള ന്യായം- രാഷ്ട്രീയ രംഗത്തുള്ള വ്യത്യസ്താഭിപ്രായത്തെ പോലും അധികാരമുപയോഗിച്ച് പൊലിസ് അടിച്ചമര്‍ത്തുന്നു. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ അഭിപ്രായം പറയുക എന്ന പൗരാവകാശത്തെ പൊലിസ് ആക്ട് ഉപയോഗിച്ച് നേരിടുന്നു.
ദേശീയ തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് കൂടുതല്‍ ഗുരുതരമായ കാര്യങ്ങളാണ്. ഇതെഴുതുമ്പോള്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ മുന്‍കൈയോടെ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. യോഗി ആദിത്യനാഥിന്റെ യു.പിയില്‍ തന്നെ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ തീകൊളുത്തപ്പെട്ട മുഹമ്മദ് ഖാലിദ് എന്ന പതിനേഴുകാരന്‍ മരിച്ചു. ആള്‍ക്കൂട്ട അതിക്രമങ്ങള്‍ രാജ്യത്തുടനീളം ഭീതിസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതു വിരല്‍ ചൂണ്ടുന്നത് ഇന്ത്യ ഇനി ഒരു സ്വതന്ത്രരാജ്യമായി നിലനില്‍ക്കുമോ എന്ന ആശങ്കയിലേക്കാണ്. നിര്‍ഭാഗ്യവശാല്‍ ഈ ആശങ്കകളും കൃത്യമായ അര്‍ഥത്തില്‍ ജനകീയ പ്രതിഷേധമായി മാറ്റുന്നില്ല. എന്നുമാത്രമല്ല ഹിന്ദുത്വ ഫാസിസം കൂടുതല്‍ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുകയുമാണ്. ഇടതുശക്തികള്‍ തീരെ ദുര്‍ബലമായി. ദേശീയ തലത്തില്‍ ബദലായി ഉയര്‍ന്നുവരേണ്ട കോണ്‍ഗ്രസ് തീര്‍ത്തും അനാഥമായി. തീവ്രഹിന്ദുത്വത്തിനു ബദല്‍ എന്ന സാധ്യത അനുദിനം മങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഈ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവരുന്ന ഓരോ നിയമഭേദഗതിയേയും കാണേണ്ടത്. വിവരാവകാശ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രസ്തുത നിയമത്തിന്റെ അന്തസത്തയെ തന്നെ ഹനിക്കുമെന്നാണ് കരുതേണ്ടത്. കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളില്‍ രണ്ടാം വട്ടമാണ് വിവരാവകാശ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രഗവണ്‍മെന്റ് ശ്രമിച്ചത്. വിവരാവകാശ കമ്മിഷണര്‍മാരുടെ കാലാവധി, ശമ്പളം, സേവനവ്യവസ്ഥകള്‍ എന്നിവയെല്ലാം മാറ്റിമറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. വിവരാവകാശ കമ്മിഷണര്‍മാരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഇനി എത്രത്തോളം നിലനില്‍ക്കും എന്നതാണ് പ്രശ്‌നം.
അതേ പോലെത്തന്നെയാണ് യു.എ.പി.എ നിയമത്തില്‍ വരുത്തിയിട്ടുള്ള ഭേദഗതിയും. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരേയും ഭീകരനെന്ന് മുദ്രചാര്‍ത്തി അറസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് പുതിയ ഭേദഗതി. നിലവിലുള്ള നിയമം തന്നെയും പലതരത്തിലും ദുരുപയോഗങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ഇതിനുപുറമേ നിയമത്തിന്റെ പല്ലിനും നഖത്തിനും കൂടുതല്‍ മൂര്‍ച്ച കൂട്ടുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആരും ഭീകരനും അര്‍ബന്‍ നക്‌സലുമാവാം.പ്രത്യക്ഷത്തില്‍ പുരോഗമനപരമായി ചിത്രീകരിക്കപ്പെടുന്ന മുത്വലാഖ് നിയമത്തേയും ഈ അര്‍ഥത്തില്‍ തന്നെയാണ് കാണേണ്ടത്. നീതി നിഷേധിക്കപ്പെട്ട മുസ്‌ലിം സ്ത്രീകളെ വിമോചിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റുന്നു എന്നാണ് പ്രധാനമന്ത്രി, ബില്‍ രാജ്യസഭയില്‍ പാസായ ശേഷം ആവേശപൂര്‍വം പ്രഖ്യാപിച്ചത്. മുത്വലാഖിന്റെ മതവിവക്ഷകള്‍ മാറ്റിവച്ചാല്‍ തന്നെയും, ബില്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വ്യക്തി നിയമങ്ങള്‍ സിവില്‍ സ്വഭാവമുള്ളവയാണ്. വിവാഹമോചനം ചെയ്യുന്ന പുരുഷനെ ക്രിമിനല്‍ കുറ്റം ചെയ്യുന്ന ആളായി മാറ്റിനിര്‍ത്തി ജയിലിലടക്കുകയാണ് പുതിയ ഭേദഗതി മൂലം ചെയ്യുന്നത്. അതേസമയം ഭാര്യയെ ഉപേക്ഷിക്കുന്ന അന്യസമുദായക്കാര്‍ക്ക് എതിരായി ക്രിമിനല്‍ നടപടി ഇല്ലതാനും. അതായത് സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു വിഷയത്തിന്റെ പേരില്‍ വ്യത്യസ്ത മതക്കാരെ രണ്ടു തട്ടിലാക്കുന്നു. ഈ അര്‍ഥത്തിലാണ് മതവിധികളുടെ സംരക്ഷണം എന്നതിലേറെ മുത്വലാഖ് നിയമത്തെ കാണേണ്ടത്. പൊതുസമൂഹമാണ് ഈ വിധിക്കെതിരായുള്ള പോരാട്ടങ്ങള്‍ ഏറ്റെടുക്കേണ്ടത്.
കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ ആത്യന്തികമായി രാജ്യത്ത് ഏതുതരം പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക? അസമിലെ പൗരത്വരജിസ്റ്റര്‍ നിര്‍മാണം ജനങ്ങളെ വിവിധ തട്ടുകളാക്കിക്കഴിഞ്ഞു. മറ്റു അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മാത്രമല്ല രാജ്യത്തുടനീളം പൗരത്വം അരിച്ചെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ അഭ്യാസത്തിന്റെ തുടര്‍ച്ചയെന്നോണം വംശീയതയുടെ വേരുകള്‍ വളരുന്നുമുണ്ട്. നാഗാലാന്‍ഡിന് പ്രത്യേക ഭരണഘടനയും പതാകയും ആവശ്യപ്പെട്ടുക്കൊണ്ടുള്ള മുറവിളികള്‍ രജിസ്റ്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കഴിഞ്ഞു. കശ്മിര്‍ ഒത്തുതീര്‍പ്പുകള്‍ അസാധ്യമാക്കുന്ന തരത്തിലുള്ള വിഭജനങ്ങളുടെ വേദിയാവുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യ എന്ന ബോധ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്താവുന്ന തരത്തിലല്ല പലപ്പോഴും സര്‍ക്കാര്‍ നടപടികള്‍ സഞ്ചരിക്കുന്നത്. ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണ് നരേന്ദ്രമോദി മറക്കുന്നത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങള്‍ തന്നെ മറന്നുപോയിട്ടുള്ള രണ്ടുഭരണാധികാരികള്‍ക്കിടയില്‍ ജീവിക്കേണ്ടി വരുന്നു എന്നതാണ് കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ചെകുത്താനും കടലിനുമിടയില്‍ എന്നു പറയാറില്ലേ, അതുതന്നെ. ആരാണ് ചെകുത്താന്‍, ഏതാണ് കടല്‍ എന്നത് പ്രസക്തമല്ലല്ലോ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."