പി.കെ ശശി എം.എല്‍.എയെ തരംതാഴ്ത്തിയേക്കും
തിരുവനന്തപുരം: ലൈംഗിക വിവാദത്തില്‍ കുരുങ്ങിയ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ നടപടിക്ക് ശുപാര്‍ശ. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച പരാതി എ.കെ ബാലന്, പി.കെ ശ്രീമതി എന്നിവര്‍ അടങ്ങുന്ന കമ്മിഷനാണ് അന്വേഷിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.
ശശിക്കെതിരേ നടപടിക്കുള്ള ശുപാര്‍ശ ഇന്ന് നടക്കുന്ന സി.പി.എം സെക്രട്ടേറിയറ്റും നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യും. ഇതിനെ തുടര്‍ന്നായിരിക്കും അനന്തരനടപടികള്‍ സ്വീകരിക്കുക. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശിയെ കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തുകയോ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തേക്കും. എന്നാല്‍ പാര്‍ട്ടി അംഗത്വം സസ്പെന്‍ഡ് ചെയ്താല്‍ ശശിയെ എം.എല്‍.എ സ്ഥാനത്തുനിന്ന് രാജിവയ്പിക്കേണ്ടി വരില്ലേ എന്ന ആശങ്കയും നേതൃത്വത്തില്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, തനിക്കെതിരായ പരാതിയില്‍ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയും കമ്മിഷന് പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിത്തീര്‍ക്കേണ്ട വിഷയം പുറത്തേക്ക് പോയതിന് പിന്നില്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ കമ്മിഷന് അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 14നാണ് യുവതി വനിത പി.ബി അംഗത്തിനും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരാതി നല്‍കിയത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാല്‍ നടപടിയുണ്ടാകാത്തതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി അയക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫിസിന്റെ മുകളിലത്തെ നിലയില്‍വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."