റാഫേല്‍ ഇടപാടില്‍ വെള്ളം കുടിക്കാതെ വയ്യ
റാഫേല്‍ യുദ്ധവിമാനക്കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നു. ഇടപാടു സംബന്ധിച്ചു പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണ്. സുപ്രിംകോടതിയുടെ ഇടപെടല്‍ കൂടിയാകുമ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ ബി.ജെ.പി സര്‍ക്കാരിന് ഇതൊരു കനത്ത പ്രഹരം തന്നെ.
ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലേയ്ക്കു ബി.ജെ.പി സര്‍ക്കാരിനെ നയിച്ച കാര്യങ്ങളാണു സുപ്രിംകോടതിക്ക് അറിയേണ്ടത്. ഇതിനിടയില്‍ തന്നെയാണു കഴിഞ്ഞദിവസം ഫ്രാന്‍സില്‍നിന്നു നിര്‍ണായകമായ മറ്റൊരു വിവരം പുറത്തുവന്നിരിക്കുന്നത്. ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നു ഇന്ത്യാഗവണ്‍മെന്റ് നിര്‍ബന്ധംപിടിച്ചെന്ന വാര്‍ത്തയാണു ഫ്രഞ്ച് മാധ്യമമായ 'മീഡിയാപാര്‍ട്ട് ' പുറത്തുവിട്ടിരിക്കുന്നത്.
ഫ്രാന്‍സിലെ ദസാള്‍ട്ട് ഏവിയേഷന്‍ കമ്പനി അവരുടെ താല്‍പര്യപ്രകാരമാണു റിലയന്‍സിനെ പങ്കാളിയാക്കിയതെന്നായിരുന്നു ഇതുവരെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നത്. ദുര്‍ബലമായ ഇത്തരം വാദമുഖങ്ങളിലൂടെ പ്രധാനമന്ത്രിക്കു പ്രതിരോധം തീര്‍ക്കുകയായിരുന്നു അവരെന്ന് ഇപ്പോള്‍ വ്യക്തമായി.
ദസാള്‍ട്ടില്‍നിന്നു യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു എന്നതിനു മറ്റൊരു തെളിവുകൂടിയാണ് 'മീഡിയാപാര്‍ട്ടി'ന്റെ വെളിപ്പെടുത്തല്‍. ഇതുവഴി ഇന്ത്യക്ക് 40,000 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
കരാര്‍തുക, വിമാനത്തിന്റെ സാങ്കേതികവിശദാംശങ്ങള്‍ എന്നിവ നല്‍കേണ്ടതില്ലെന്നും എതിര്‍കക്ഷിയായ പ്രധാനമന്ത്രി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഭാവിയില്‍ ഇതെല്ലാം വേണ്ടിവരും.
ഒരു റാഫേല്‍ യുദ്ധവിമാനത്തിനു യു.പി.എ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത് 526 കോടിയായിരുന്നു. ദസാള്‍ട്ട് ഇതു സമ്മതിച്ചതുമാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ 2012 ല്‍ 90,000 കോടി രൂപയ്ക്കു 120 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീടു വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ പദ്ധതിയില്‍ മാറ്റം വരുത്തി. 60,000 കോടി രൂപയ്ക്കു 36 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറാക്കുകയായിരുന്നു.
2012 ലെ കരാര്‍പ്രകാരം ഒരു യുദ്ധവിമാനം 714 കോടി രൂപക്കു ലഭിക്കുമായിരുന്നതു മോദി ഇടപെട്ട് 1666 കോടി രൂപയിലേയ്ക്ക് ഉയര്‍ത്തി. ഇതിലൂടെ ഓരോ യുദ്ധവിമാനത്തിനും 950 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യക്ക് ഉണ്ടായത്. മൊത്തം 40,000 കോടിയുടെ നഷ്ടം.
പദ്ധതിയില്‍നിന്നു ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡി(എച്ച്.എ.എല്‍)നെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെ സത്യാവസ്ഥയാണിപ്പോള്‍ മീഡിയാപാര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കരാറില്‍ ഇതിനായി പ്രധാനമന്ത്രി നിര്‍ബന്ധംപിടിച്ചുവെന്നും മീഡിയാപാര്‍ട്ട് പറയുന്നുണ്ട്. ദസാള്‍ട്ടില്‍ റിലയന്‍സ് 3000 കോടിയുടെ നിക്ഷേപം നടത്തിയത് എന്തിനായിരുന്നുവെന്ന് ഇതോടെ വ്യക്തമാകുന്നുണ്ട്.
പ്രതിരോധോപകരണങ്ങള്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പാലിച്ചില്ലെന്ന പ്രതിപക്ഷാരോപണം ശരിവയ്ക്കുകയാണിപ്പോള്‍ സുപ്രിംകോടതി. 136 യുദ്ധവിമാനങ്ങളായിരുന്നു പ്രതിരോധ സേന ആവശ്യപ്പെട്ടത്. എന്തുകൊണ്ട് എണ്ണം കുറച്ചുവെന്ന ചോദ്യത്തിനു സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. സുപ്രിംകോടതിയില്‍ അതു പറയേണ്ടിവരും.
നേരത്തെ ഇതു സംബന്ധിച്ചു നിര്‍മലാ സീതാരാമന്‍ പറഞ്ഞത് ആവശ്യമനുസരിച്ചാണു വിമാനം വാങ്ങുകയെന്നായിരുന്നു. അതു ബാലിശമായ മറുപടിയാണ്. യു.പി.എ സര്‍ക്കാര്‍ 360 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതു യുദ്ധവിമാനങ്ങളുടെ ഏകീകരണത്തിനു വേണ്ടിയാണ്. പലവിധ വിമാനങ്ങള്‍ പോര്‍മുഖങ്ങളില്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമുണ്ടാകുമെന്ന ഉപദേശത്താലായിരുന്നു ഈ തീരുമാനം. ബി.ജെ.പി സര്‍ക്കാര്‍ അതും അട്ടിമറിച്ചു.
ഇതിലൂടെ രാജ്യത്തിന്റെ ദീര്‍ഘകാല പ്രതിരോധ പദ്ധതിയാണ് ഇല്ലാതാക്കിയത്. ഇതുകൊണ്ടൊക്കെയാണ് ഇടപാടു സംബന്ധിച്ചു സംയുക്ത പാര്‍ലമെന്റ് സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് ആദ്യം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനു സര്‍ക്കാര്‍ ആ അന്വേഷണാവശ്യം നിരാകരിച്ചു. ജെ.പി.സി അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകാതെ വന്നപ്പോഴാണു കോണ്‍ഗ്രസ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ സമീപിച്ച് ഇടപാടു സംബന്ധിച്ചു ഫോറന്‍സിക്ക് ഓഡിറ്റ് വേണമെന്നാവശ്യപ്പെട്ടത്.
126 യുദ്ധവിമാനങ്ങളില്‍ 18 എണ്ണം നേരിട്ടു വാങ്ങാനും 108 എണ്ണത്തിന്റെ സാങ്കേതികവിദ്യ കൈമാറാനുമായിരുന്നു യു.പി.എ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നതെങ്കില്‍ നരേന്ദ്രമോദി ഇടപെട്ടു സാങ്കേതികവിദ്യ കൈമാറ്റത്തിനു പകരം വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യാ കൈമാറ്റത്തില്‍ മാത്രം കരാര്‍ ഒതുക്കി. ഒരു മൊട്ടുസൂചി പോലും നിര്‍മിക്കാത്ത അനില്‍അംബാനിയുടെ റിലയന്‍സ് എയറോസ്ട്രക്ച്ചറിന് അതിന്റെ കരാര്‍ ഒപ്പിച്ചുകൊടുക്കാനായിരുന്നില്ലേ ഈ പ്രവൃത്തി.
റിലയന്‍സിനെ പങ്കാളിയാക്കിയത് ബി.ജെ.പി സര്‍ക്കാരാണെന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ദിവസങ്ങള്‍ക്കു മുമ്പ് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്തിയെന്നായി ബി.ജെ.പി സര്‍ക്കാര്‍. പിടിച്ചുനില്‍ക്കാനുള്ള എല്ലാ പഴുതുകളും അടഞ്ഞപ്പോഴായിരിക്കാം നിര്‍മലാ സീതാരാമന്‍ പിടിവള്ളിക്കായി ഫ്രാന്‍സിലേക്കു പറന്നത്. ദേശീയസുരക്ഷയുടെ പേരുപറഞ്ഞ് അന്വേഷണത്തിന്റെ സാധ്യത കൊട്ടിയടക്കുന്ന ബി.ജെ.പി സര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിപ്പോഴത്തെ സുപ്രിംകോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."