അറവ് നിയന്ത്രണം: സംസ്ഥാനത്ത് ഇറച്ചിവില കുതിക്കുന്നു
മുക്കം: കന്നുകാലി അറവ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇറച്ചി വില കുതിക്കുന്നു.
മാട്ടിറച്ചി വില 260 രൂപയ്ക്ക് മുകളിലെത്തി. നേരത്തേ ഇത് 220- 240 രൂപയായിരുന്നു. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് വിലക്കയറ്റം കൂടുതല്‍ അനുഭവപ്പെടുന്നത്.
അറവ് നിയന്ത്രണത്തെ തുടര്‍ന്ന് കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് പോത്ത്, കാള എന്നിവയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണം. മലബാറിലെ പ്രധാന കാലിച്ചന്തകളായ മഞ്ചേരിയിലും കൊടുവള്ളിയിലും മാടുകളെ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ് കൊണ്ടുവന്ന കാലികളെയാണ് ഇപ്പോള്‍ മിക്ക കടകളിലും അറുക്കുന്നത്.
ഒരാഴ്ചക്കകം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മാട്ടിറച്ചി ലഭ്യത കുറഞ്ഞതോടെ കോഴിയിറച്ചിയുടെയും ആടിന്റെയും വില കുതിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 150- 170 രൂപ വിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇപ്പോള്‍ 230 വരെയാണ് വില.
15 ലക്ഷത്തോളം കന്നുകാലികളാണ് ഒരു വര്‍ഷം കേരളത്തിലെത്തുന്നതെന്നാണ് കണക്ക്.
2.50 ലക്ഷം ടണ്‍ മാട്ടിറച്ചി ഒരു വര്‍ഷം കേരളത്തില്‍ വിറ്റുപോകുന്നുണ്ട്. അഞ്ച് ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് മാടുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് കഴിഞ്ഞദിവസംമുതല്‍ കൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."