ഫ്ളോറിഡയെ വിറപ്പിച്ച് മൈക്കിള്‍ ചുഴലിക്കാറ്റ്
വാഷിങ്ടണ്‍: മൈക്കിള്‍ ചുഴലിക്കാറ്റില്‍ വിറച്ച് യു.എസിലെ ഫ്ളോറിഡ. വടക്ക്- പടിഞ്ഞാറന്‍ ഫ്ളോറിഡയില്‍ 155 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞു വീശിയത്. കാറ്റഗറി നാലില്‍ വീശുന്ന കാറ്റിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.
കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഗാഡ്സഡിന് കൗണ്ടിയില്‍ മരം വീണ് യുവാവും ജോര്‍ജിയയിലെ സിമിനോലില് 11 കാരിയുമാണ് മരിച്ചത്.
കരോലീനയിലേക്ക് നീങ്ങുന്ന കാറ്റിന്റെ വേഗത കുറയുന്നുണ്ട്.ഫ്ളോറിഡയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 21 ലക്ഷംപേരോട് ഒഴിഞ്ഞുപോകാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മുന്നറിയിപ്പിനെ അവഗണിച്ച പ്രദേശങ്ങളില്‍ പ്രളയമുണ്ടായിട്ടുണ്ട്. ഫ്ളോറിഡ, അലബാമ, ജോര്‍ജിയ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി നഷ്ടമായി. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്.
ശക്തമായ കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ഫ്ളോറിഡയിലെ പാന്‍ഹാന്‍ഡിലിലും തെക്കന്‍ അലബാമയിലും ജോര്‍ജിയയിലുമായി 38 ലക്ഷം പേര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പു നല്കി.
വിമാനത്താവളങ്ങള്‍ അടച്ചു. തീരദേശങ്ങളിലുള്ള റോഡുകളും തകര്‍ന്നു. 1992ലെ ആന്‍ഡ്രൂ ചുഴലിക്കാറ്റിനു ശേഷം മേഖലയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിയാണിത്. ഫ്ളോറിഡ ഉള്‍പ്പെടെ മൂന്ന് തീര സംസ്ഥാനങ്ങളില്‍ യു.എസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."