സ്കൂള്‍ കൗണ്‍സിലര്‍മാരുടെ വേതന വര്‍ധന; എം സ്വരാജ് തുരങ്കം വയ്ക്കാന്‍ ശ്രമിച്ചെന്ന്
കണ്ണൂര്‍: സ്കൂള്‍ കൗണ്‍സിലര്‍മാരുടെ വേതന വര്‍ധനയെ എം സ്വരാജ് എം. എല്‍. എ തുരങ്കം വയ്ക്കുവാന്‍ ശ്രമിച്ചുവെന്ന് കേരള സ്കൂള്‍ കൗണ്‍സിലേഴ്സ് അസോ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിലവിലുള്ള വേതനത്തിന്റെ അന്‍പതുശതമാനം വര്‍ധിപ്പിച്ചും അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് ആയിരം രൂപ അധിക വെയിറ്റേജ് നല്‍കാനും സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ മാസം 24ന് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി 12,500 രൂപയായിരുന്ന വേതനം വര്‍ധിപ്പിക്കാന്‍ ഇടയായത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള സഹായവും സ്കൂള്‍ കൗണ്‍സിലേഴ്സ് അസോ. ഭാരവാഹികളുടെ ഇടപെടലുമാണ്. എന്നാല്‍ മറ്റൊരു സംഘടനയ്ക്കായി പ്രവര്‍ത്തിക്കുന്ന എം സ്വരാജ് എം. എല്‍. എ ഇതിനു തുരങ്കംവയ്ക്കുന്ന സമീപനം സ്വീകരിച്ചുവെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഓര്ഗനൈസേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ആന്ഡ്് കൗണ്‍സിലേഴ്സ് എന്ന സംഘടനയെ പിന്തുണച്ച സ്വരാജ് അനാവശ്യമായി ഇടപെട്ടുവെന്നും ഇത് ഒരു ഇടതുപക്ഷ എം. എല്‍. എയ്ക്കു ചേര്‍ന്ന പ്രവൃത്തിയല്ലെന്നും കൗണ്‍സിലേഴ്സ് അസോ. ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."