20 രൂപ മതി; വരൂ, വയറു നിറയെ ഊണ് കഴിക്കാം
ആലപ്പുഴ: കേട്ടിട്ട് വിശ്വാസം വരുന്നില്ലെങ്കില്‍ ഒരു കാര്യംകൂടി പറഞ്ഞു തരാം, ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വിശന്നിരിക്കുന്ന നിരാലംബര്‍ക്ക് ഈ ഹോട്ടലില്‍ ഭക്ഷണം തികച്ചും സൗജന്യവുമാണ്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായ സംസ്ഥാനത്തെ ആദ്യ സുഭിക്ഷ ഹോട്ടല്‍ ആലപ്പുഴയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. നഗരസഭയും ഭക്ഷ്യ പൊതുവിതരണ വകുപ്പും കൈകോര്‍ത്താണ് സംസ്ഥാനത്തെ ആദ്യ സുഭിക്ഷ ഉച്ചഭക്ഷണശാല തുറന്നത്. ആലപ്പുഴ നഗരസഭയിലെ ശവക്കോട്ടപാലത്തിന് സമീപമുള്ള രാത്രികാല പാര്‍പ്പിട സമുച്ചയത്തിലാണ് ഭക്ഷണശാല പ്രവര്‍ത്തനം തുടങ്ങിയത്. പൊതുമരാമത്തു മന്ത്രി ജി.സുധാകരന്‍ ഭക്ഷണശാല ഉദ്ഘാടനം ചെയ്തു. കൊമ്മാടിയിലെ കുടുംബശ്രീ യൂനിറ്റിനാണ് നടത്തിപ്പ് ചുമതല.
കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം നല്‍കുക എന്നതാണ് സുഭിക്ഷയിലൂടെ ലക്ഷ്യമിടുന്നത്. 20 രൂപയാണ് ഒരു ഊണിന്റെ വില. ആദ്യ ദിനം തന്നെ ഊണ് കഴിക്കാന്‍ നല്ല തിരക്കായിരുന്നു. സസ്യാഹാരം മാത്രമാണ് ഇപ്പോഴുള്ളത്. ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിമാരടക്കം ഭക്ഷണത്തെക്കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയാണ് മടങ്ങിയത്. മലയാളികള്‍ പൊതുവെ വില കൂടിയ വസ്തുക്കളുടെ പുറകെ പോകുന്നവരാണെന്നും ഗുണത്തേക്കാള്‍ അതിന്റെ പേര് ആണ് ശ്രദ്ധിക്കുന്നതെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നിലവില്‍ ഏറ്റവും മോശം ഭക്ഷണം ലഭിക്കുന്ന സ്ഥലമാണ് ആലപ്പുഴയെന്നും മന്ത്രി പറഞ്ഞു. ഒരാള്‍പോലും ആഹാരം ലഭിക്കാതെ വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
സംസ്ഥാനത്ത് പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി ഈ വര്‍ഷം 20 കോടി രൂപയാണ് മാറ്റി വച്ചിട്ടുള്ളത്. സന്നദ്ധസംഘടനകളുമായി കൈകോര്‍ത്താണ് സുഭിക്ഷ ഭക്ഷണശാലകളുടെ പ്രവര്‍ത്തനം. ഉടന്‍ തന്നെ മറ്റ് ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഭക്ഷ്യപൊതുവിതരണവകുപ്പ്. ഉദ്ഘാടന ദിവസം ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു സൗജന്യ ഭക്ഷണവിതരണം. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ സപ്ലൈ ഓഫിസര്‍ പി.മുരളീധരന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."