കണ്ണൂര്‍ മേയര്‍ക്കെതിരേ യു.ഡി.എഫ് അവിശ്വാസം; ഇന്നു നോട്ടിസ് നല്‍കും
കണ്ണൂര്‍: ഇടതുമുന്നണി ഭരണം നടത്തുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ ഇ.പി ലതയ്‌ക്കെതിരേ ഇന്നു യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കും. ജില്ലാ കലക്ടര്‍ക്കാണു കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാര്‍ സംയുക്തമായി ഒപ്പിട്ട് അവിശ്വാസ നോട്ടിസ് നല്‍കുക. സ്വതന്ത്രനായി മത്സരിച്ചുജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷും യു.ഡി.എഫിനെ പിന്തുണയ്ക്കും. ഇന്നലെ കോണ്‍ഗ്രസ്, ലീഗ് കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗത്തിലാണു ഇന്നു നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചത്. 55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 വീതം അംഗങ്ങളാണുണ്ടായിരുന്നത്. പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി.കെ രാഗേഷ് പിന്തുണച്ചതോടെയാണു പ്രഥമ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിനു ലഭിച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഗേഷ് യു.ഡി.എഫിനെയായിരുന്നു പിന്തുണച്ചത്.
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനുമായുള്ള അകല്‍ച്ച മാറി യു.ഡി.എഫുമായി സഹകരിക്കാന്‍ രാഗേഷ് സന്നദ്ധത അറിയിച്ചതോടെയാണ് മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കം യു.ഡി.എഫില്‍ സജീവമായത്. കഴിഞ്ഞയാഴ്ച സുധാകരനും രാഗേഷും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗത്തെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ധാരണയായിരുന്നു. അവിശ്വാസ പ്രമേയം പാസായാല്‍ ബാക്കിയുള്ള കാലാവധിയില്‍ ആദ്യ പകുതി മേയര്‍ സ്ഥാനം കോണ്‍ഗ്രസിനാണ്. ശേഷം ലീഗ് അംഗവും മേയറാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് രാഗേഷ് തന്നെ തുടരും.അതേസമയം എടക്കാട് ഡിവിഷനിലെ സി.പി.എം അംഗം ടി.എം കുട്ടികൃഷ്ണന്റെ മരണത്തോടെ എല്‍.ഡി.എഫിന്റെ അംഗ സംഖ്യ 27 ല്‍ നിന്നു 26 ആയി കുറഞ്ഞു. യു.ഡി.എഫ് അംഗ സംഖ്യ 27 ആണ്. കൗണ്‍സില്‍ അംഗസംഖ്യയുടെ പകുതിയിലധികമായ 28 വോട്ട് ലഭിച്ചാലേ കോര്‍പറേഷനില്‍ അവിശ്വാസം പാസാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."