കുട്ടികളിലെ മയോപ്പിയ നിയന്ത്രണം: ബോധവല്‍ക്കരണ പരിപാടിക്ക് കൊച്ചിയില്‍ തുടക്കം
കൊച്ചി: കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കുന്ന മയോപ്പിയ(ഹ്രസ്വദൃഷ്ടി) ബോധവല്‍ക്കരണ പരിപാടിയായ 'ബാലദര്‍ശന്റെ' സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടന്നു. 2050 ഓടെ ലോകജനസംഖ്യയില്‍ പകുതിയും മയോപ്പിയ ബാധിതരായിരിക്കുമെന്ന പഠനറിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സും (കെ.എസ്.ഒ.എസ്) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യത്തേതാണെന്ന് ഐ.എം.എ, കെ.എസ്.ഒ.എസ് ഭാരവാഹികള്‍ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എല്ലാ സ്‌കൂളുകളിലും ബോധവല്‍ക്കരണ പരിപാടികളും ചികിത്സാ ക്ലിനിക്കുകളും സംഘടിപ്പിക്കുന്നതിലൂടെ മയോപ്പിയ ബാധിതരായ കുട്ടികളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയും കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയും ചെയ്യുന്നത് വഴി മയോപ്പിയ തടയാന്‍ കഴിയും. മയോപ്പിയക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ വ്യക്തമാക്കി. ഐ.എം.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. എം ദിനേശ് ഉദ്ഘാടനം ചെയ്തു. കൊച്ചി ഒപ്താല്‍മിക് ക്ലബ് സംഘടിപ്പിച്ച 'ഓഗസ്റ്റ് ഒഫ്താല്‍മിക 2019' നേത്രചികിത്സാ വിഡിയോ ഫെസ്റ്റിവലും ഇതോടനുബന്ധിച്ച് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."