ഇംഗ്ലണ്ടിന് ജയിക്കണം
സഗ്രിബ്: യുവേഫ നാഷന്‍സ് ലീഗില്‍ ഇന്ന് ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയും ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. റഷ്യന്‍ ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് ഇംഗ്ലണ്ട് ഇന്ന് കളത്തിലിറങ്ങുന്നത്. സെമിഫൈനലില്‍ 2-1നായിരുന്നു ഇംഗ്ലണ്ട് ക്രൊയേഷ്യയോട് പരാജയപ്പെട്ടത്. അഞ്ചാം മിനുട്ടില്‍ കീറോണ്‍ ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 68ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചും ഇന്‍ജുറി ടൈമില്‍ (109ാം മിനുട്ട്) മാന്‍സൂക്കിച്ചും നേടിയ ഗോളിലാണ് ക്രൊയേഷ്യ തകര്‍ത്തത്.
ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന് ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് കിട്ടിയതിന് ശേഷം ക്രൊയേഷ്യ ആദ്യമായിട്ടാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.15ന് ക്രൊയേഷ്യയിലെ റിയേക്കയിലാണ് മത്സരം. കഴിഞ്ഞമാസം സ്‌പെയിനിനെതിരേ ആറു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ മത്സരമാണ് ക്രൊയേഷ്യ അവസാനമായി യുവേഫ നാഷന്‍സ് ലീഗില്‍ കളിച്ചത്. ഇംഗ്ലണ്ട് അവസാനമായി കളിച്ച മൂന്ന് രാജ്യാന്തര മത്സരത്തിലും തോല്‍വിയായിരുന്നു ഫലം. ഇതിന് മുന്‍പ് എട്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നേരിട്ട ക്രൊയേഷ്യക്ക് മൂന്ന് മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. നാല് മത്സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുകയും ഒരു മത്സരം സമനിലയില്‍ കലാശിക്കുകയുമായിരുന്നു.
മറ്റൊരു മത്സരത്തില്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം സ്വിറ്റ്‌സര്‍ലന്റിനെ നേരിടും. ബെല്‍ജിയത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ലീഗ് വണ്ണിലെ ഗ്രൂപ്പ് രണ്ടിലാണ് ബെല്‍ജിയം സ്വിറ്റ്‌സര്‍ലന്റ് മത്സരം. ഗ്രൂപ്പ് നാലിലാണ് ക്രൊയേഷ്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുന്നത്. മറ്റൊരു മത്സരത്തില്‍ ആസ്ട്രിയയും നോര്‍ത്തേണ്‍ അയര്‍ലന്റും തമ്മില്‍ ഏറ്റുമുട്ടും. ലീഗ് സിയില്‍ എസ്‌തോണിയയും ഫിന്‍ലന്റും തമ്മിലാണ് മത്സരം. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗ്രീസും ഹംഗറിയും ഏറ്റുമുട്ടും. ലീഗ് ഡിയിലെ മത്സരത്തില്‍ മള്‍ഡോവയും സാന്‍മാരിനോയും തമ്മില്‍ ഏറ്റുമുട്ടും. ഇതേ ഗ്രൂപ്പിലാണ് ബലാറസും ലക്‌സംബര്‍ഗും തമ്മിലുള്ള മത്സരം. ലീഗ് ബിയില്‍ സ്‌ലോവാക്യയും ചെക്ക് റിപ്പബ്ലിക്കും തമ്മില്‍ ഏറ്റുമുട്ടും. സ്‌ലോവേനിയയും നോര്‍വേയും തമ്മിലാണ് ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരം. ഇതേഗ്രൂപ്പിലെ വിവിധ മത്സരങ്ങളില്‍ ലാത്‌വിയ കിര്‍ഗിസ്താനെ നേരിടും.അന്‍ഡോറ ജോര്‍ജിയയെയും അര്‍മേനിയ ജിബ്രാള്‍ട്ടറിനെയും നേരിടും. നാളെ രാത്രി 12.15ന് ജര്‍മനിയും നെതര്‍ലന്റും തമ്മിലാണ് മത്സരം. ലോകകപ്പിന്റെ സമയത്ത് ടീമില്‍നിന്ന് പുറത്തായ ലിറോണ്‍ സനെ നാളെ നടക്കുന്ന മത്സരത്തിനായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."