ശിഹാബ് തങ്ങളുടെ ധന്യസ്മരണയില്‍ പാണക്കാട്ടെ തിരുമുറ്റത്ത് അവര്‍ ഒത്തുകൂടി
മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന്റെ പത്താം വാര്‍ഷികത്തില്‍ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കൊടപ്പനക്കല്‍ തറവാട്ടില്‍ ഒത്തുചേര്‍ന്ന് ഓര്‍മകള്‍ പങ്കുവച്ചു. ശിഹാബ് തങ്ങളുടെ ധന്യ ജീവിത്തെ ഓര്‍ത്തെടുത്ത 'ഓര്‍മകളെ മുത്തി തങ്ങളുടെ മുറ്റത്ത്' എന്ന സംഗമത്തില്‍ പങ്കെടുക്കാനായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നിരവധിപേരാണ് പാണക്കാട്ടെത്തിയത്. ഇതാദ്യമായാണ് കൊടപ്പനക്കല്‍ തറവാട്ടില്‍ ശിഹാബ് തങ്ങളുടെ സ്മരണകളുമായി ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് തുടങ്ങിയ സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യം കേരളജനതക്കു വലിയ തണലായിരുന്നെന്നും ജനമനസുകളിലാണ് അദ്ദേഹത്തിന്റെ സ്മാരകങ്ങളെന്നും ഹൈദരലി തങ്ങള്‍ അനുസ്മരിച്ചു. മത, ജാതി, കക്ഷി ഭേദമന്യേ എല്ലാവരോടും സഹവര്‍ത്തിത്വം പുലര്‍ത്തിയതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനതയുടെ കണ്ണീരൊപ്പാനാണ് ശിഹാബ് തങ്ങള്‍ പരിശ്രമിച്ചതെന്നും തങ്ങള്‍ പറഞ്ഞു.
മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. വിശ്രമമില്ലാത്ത ജീവിതം നയിച്ചാണ് ശിഹാബ് തങ്ങള്‍ വിടപറഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു. എല്ലാവരുടെയും സ്‌നേഹം സമ്പാദിച്ച ശിഹാബ് തങ്ങള്‍ മത, ഭൗതിക, വൈജ്ഞാനിക വളര്‍ച്ചക്കുവേണ്ടി പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഓര്‍മിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി,എം.എന്‍.എം നഫേല്‍ (ശ്രീലങ്ക), മുഹമ്മദ് റഹീസ് ബിന്‍ നൂറുദ്ധീന്‍ (മലേഷ്യ), ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ (ദുബൈ), മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടി , എം.പി അബ്ദുസമദ് സമദാനി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ ശിഹാബ് തങ്ങളെ അനുസ്മരിച്ചു. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി, ജോണി ലൂക്കോസ് തുടങ്ങിയവരും മുസ്‌ലിംലീഗ് എം.എല്‍.എമാരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."