പെരിങ്ങല്‍കുത്തില്‍ വൈദ്യുതി ഉല്‍പാദനം ഭാഗികമായി പുനരാരംഭിച്ചു
തൊടുപുഴ: പ്രളയത്തില്‍ നിറഞ്ഞൊഴുകി തകരാറിലായ പെരിങ്ങല്‍കുത്ത് നിലയത്തിലെ വൈദ്യുതി ഉല്‍പാദനം ഭാഗികമായി പുനരാരംഭിച്ചു. പദ്ധതിയുടെ നാല് ജനറേറ്ററുകളില്‍ ഒമ്പത് മെഗാവാട്ടിന്റെ ഒരു ജനറേറ്ററാണ് ഉല്‍പാദനം തുടങ്ങിയത്. അറ്റകുറ്റപ്പണികള്‍ അതിവേഗം തീര്‍ത്തത് വൈദ്യുതി ബോര്‍ഡ് രൂപീകരിച്ച 16 അംഗ ടാസ്‌ക് ഫോഴ്‌സാണ്. കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ സിജി ജോസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്ന പി. എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12.10 നാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത്.
ഓഗസ്റ്റ് 16ന് പെരിങ്ങല്‍കുത്ത് അണക്കെട്ട് നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പവര്‍ ഹൗസില്‍ മണ്ണും കല്ലും ചെളിയും നിറഞ്ഞാണ് പദ്ധതിയില്‍ ഉല്‍പാദനം നിലച്ചത്. വെള്ളം കയറിയതോടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ചിരുന്നു. പവര്‍ഹൗസിനുള്ളിലെ മണ്ണും കല്ലും നീക്കി, കേടായ ഉപകരണങ്ങള്‍ പുനസ്ഥാപിക്കല്‍ ഏറെ ശ്രമകരമായിരുന്നു. എന്നാല്‍, വലിയ തടി ഇടിച്ച് തകരാറിലായ ഷട്ടറുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതേ ഉള്ളൂ.
ഏഴ് ഷട്ടറുകളുള്ള അണക്കെട്ടില്‍ പ്രളയത്തില്‍ മരങ്ങള്‍ അടക്കം ശക്തിയായി ഇടിച്ചതോടെ അലൈന്‍മെന്റ് അടക്കം മാറിപ്പോവുകയായിരുന്നു. മൂന്ന് ജനറേറ്ററുകളില്‍ ഉല്‍പാദനം പുനസ്ഥാപിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് നിഗമനം. ചൈനയില്‍ നിന്ന് സ്‌പെയര്‍പാര്‍ട്ടുകള്‍ എത്താന്‍ വൈകുന്നതാണ് കാരണം. നാല് ജനറേറ്ററുകളും ചെളി കയറി നശിച്ചിരുന്നു. ഇവ അഴിച്ച് ഇതില്‍നിന്നുള്ള നല്ല ഭാഗങ്ങള്‍ എടുത്താണ് ഒരു ജനറേറ്റര്‍ പുനസ്ഥാപിച്ചത്.
എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.റ്റി. ജോബിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അന്‍വര്‍ എ.എ. , മിനിമോള്‍ സി.ആര്‍, സുരേഷ് എച്ച്, അജി കുമാര്‍, പോള്‍സണ്‍ റ്റി.റ്റി, സജീവ് ഇ.യു, ഹരീഷ് എ.ഡി, ബിജു സേവ്യര്‍, ബാബു എം, മിമ്ത ജോണ്‍, ശ്രീജി ജോണ്‍, ജയിംസ് പോള്‍, ഷൈന്‍ സെബാസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് അറ്റകുറ്റപ്പണികള്‍ അതിവേഗം തീര്‍ത്തത്.
ഇതിനായി പുറത്തുനിന്ന് ഒരു കമ്പനിയുടെ സഹായവും കെ.എസ്.ഇ.ബി തേടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."