പരിസ്ഥിതി സംരക്ഷിക്കാന്‍ ആത്മസുഹൃത്തുക്കള്‍ നടത്തിയ സൈക്കിള്‍ യാത്ര പൂര്‍ണതയിലേക്ക്
കൊച്ചി: മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി വിദ്യാര്‍ഥികളായ ആത്മസുഹൃത്തുക്കള്‍ കശ്മീരില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര ഇന്നലെ നാഗര്‍കോവിലെത്തി.
ഇന്ന് 15കിലോമീറ്റര്‍ കൂടി താണ്ടി യാത്ര കന്യാകുമാരിയില്‍ അവസാനിക്കും. ജൂലൈ 9ന് കശ്മീരിലെ സാംബയില്‍ നിന്നാണ് ഗോ ഗ്രീന്‍ ഇന്ത്യ എന്ന പേരില്‍ ഡെറാഡൂണിലെ ഡൂണ്‍ കോളജ് ഓഫ് അഗ്രികള്‍ച്ചര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദ വിദ്യാര്‍ഥിയായ കൊട്ടാരക്കര തൃക്കണമംഗല്‍ തിരുവാതിര വീട്ടില്‍ സൂര്യനാരായണനും ഫോറസ്ട്രി വിദ്യാര്‍ഥിയായ കുമളി അട്ടപ്പളം കാരിമുട്ടം വീട്ടില്‍ എബിന്‍ സി.ജോസഫും സര്‍വ സജ്ജീകരണങ്ങളോടെ സൈക്കിളില്‍ യാത്ര ആരംഭിച്ചത്. ഇന്ന് 3400 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി യാത്ര കന്യാകുമാരിയില്‍ അവസാനിക്കുമ്പോള്‍ ഉറ്റചങ്ങാതിമാരായ ഇരുവരുടെയും സ്വപ്നസാഫല്യംകൂടിയാകുമത്. കുട്ടിക്കാലം മുതലേ പരിസ്ഥിതിയോടുള്ള താല്‍പര്യമാണ് ഇരുവരും ഇത്തരത്തില്‍ ഒരു യാത്ര തെരഞ്ഞെടുക്കാന്‍ കാരണം.
48ദിവസമെടുത്ത് കൊങ്കണ്‍വഴി 4800കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തി പരിസ്ഥിതിയെ കാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദേശീയപാതവഴി യാത്ര മാറ്റിയതെന്ന് സൂര്യനാരായണന്‍ സുപ്രഭാതത്തോട് പറഞ്ഞു.
അഞ്ച് പ്രാവശ്യം സൈക്കിള്‍ പഞ്ചറായെങ്കിലും യാത്ര ഇടക്കുവച്ച് നിര്‍ത്താന്‍ തങ്ങള്‍ തയാറായില്ല.തമിഴ്‌നാട്ടുകാരും പഞ്ചാബുകാരുമാണ് തങ്ങളോട് ഏറ്റവും കൂടുതല്‍ സഹകരിച്ചത്. ഹരിയാനയില്‍ നിന്ന് തീരെ സഹകരണമുണ്ടായില്ല. മധ്യപ്രദേശ്,തെലുങ്കാന,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. ഇവിടങ്ങളില്‍ ഭാഷയും പ്രശ്‌നമായിരുന്നു. ഒരുദിവസം വെളുപ്പിന് നാലിന് ആരംഭിച്ച യാത്ര പിറ്റേദിവസം വെളുപ്പിന് നാലുവരെ തുടര്‍ന്നു. 210കിലോമീറ്ററാണ് താണ്ടിയത്, ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ യാത്ര ചെയ്തതും ഈ ദിവസമായിരുന്നു. ഒരു ദിവസം ആഗ്രയില്‍ നിന്ന് താജ്മഹല്‍വരെ 47കിലോമീറ്റര്‍ മാത്രമാണ് യാത്രചെയ്തത്.
ഗുരുദ്വാരകള്‍, അമ്പലങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ രാത്രി തങ്ങിയതിനാല്‍ ചെലവും അധികം വന്നില്ല. ഒരാള്‍ക്ക് സൈക്കിള്‍ ഉള്‍പ്പെടെ 45000 രൂപയാണ് ചെലവായത്. ആദ്യം സ്‌പോണ്‍സറെ തേടിയിരുന്നെങ്കിലും ലഭ്യമാകാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് യാത്ര നടത്തിയതെന്നും സൂര്യനാരായണന്‍ പറഞ്ഞു.ദക്ഷിണേന്ത്യയില്‍ ഇത്തരത്തില്‍ യാത്ര നടത്തിയ ഏറ്റവും പ്രായം കുറഞ്ഞവരാണ് 20കാരനായ എബിനും 21കാരനായ സൂര്യ നാരായണനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."