കടുപ്പത്തിലൊരു ചായക്കഥ
കല്‍പ്പറ്റ: ഹാരിസണ്‍സ് മലയാളം കമ്പനി പൊഴുതനയ്ക്കു സമീപം അച്ചൂരില്‍ ആരംഭിച്ച ടീ മ്യൂസിയം തുറക്കുന്നതു തേയില കൃഷിയുടെ ചരിത്രത്തിലേക്കുള്ള വാതില്‍.
1914ല്‍ അച്ചൂരില്‍ തേക്ക്, വീട്ടി തടികളും ഇരുമ്പും ഓടും ഉപയോഗിച്ചു നിര്‍മിച്ചതും പില്‍ക്കാലത്ത് തീപിടിത്തത്തില്‍ ഭാഗികമായി നശിച്ചതുമായ തേയില ഫാക്ടറിയാണ് ഹാരിസണ്‍സ് മലയാളം കമ്പനി ടീ മ്യൂസിയമായി വികസിപ്പിച്ചത്. മ്യൂസിയത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളടക്കം സന്ദര്‍ശകര്‍ എത്തിത്തുടങ്ങി.
മൂന്നു നിലകളിലായി 4,000 ചതുരശ്ര അടി വിസ്തൃതിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില കൃഷിയുടെ ചരിത്രവുമായി ബന്ധപ്പെട്ട രേഖകളാണ് താഴെ നിലയില്‍ വിന്യസിച്ചിരിക്കുന്നതില്‍ അധികവും. ആദ്യ നിലയില്‍ തേയില കൃഷിക്കും സംസ്‌കരണത്തിനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പഴയകാലത്തെ ഓഫിസ് സാമഗ്രികളുമാണ് ഇടംപിടിച്ചിരിക്കുന്നത്.
1865ല്‍ നിര്‍മിച്ച ഓടുകള്‍, നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള മാനുവല്‍ കാല്‍ക്കുലേറ്ററുകള്‍, സേഫ് ബോക്‌സ്, ഫീല്‍ഡ് സര്‍വേ ഉപകരണങ്ങള്‍, ലണ്ടന്‍ നിര്‍മിത പ്രഷര്‍ഗേജ് സംവിധാനം, ഫീല്‍ഡ് സര്‍വേ ചെയിന്‍, ഇക്കാലത്തെ പഞ്ചിംഗ് മെഷിന്‍ പോലെ ഉപയോഗിച്ചിരുന്ന സ്വിസ് നിര്‍മിത വാച്ച്-ക്ലോക്ക് തുടങ്ങിയവ ഈ നിലയിലെ മുഖ്യ ആകര്‍ഷണങ്ങളാണ്.
ടീ ടേസ്റ്റിംഗ് സെന്റര്‍, സുഗന്ധവ്യഞ്ജന ചില്ലറ വില്‍പ്പനശാല, വിശ്രമസ്ഥലം, ടീ ബാര്‍ തുടങ്ങിയവയാണ് രണ്ടാം നിലയില്‍. തേയില കൃഷിയിലും അനുബന്ധ വിഷയങ്ങളിലും ചെറുപ്പക്കാരിലടക്കം അവബോധം സൃഷ്ടിക്കുക, തേയിലയുടെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ടീ മ്യൂസിയം ആരംഭിച്ചതെന്ന് ഹാരിസണ്‍സ് മലയാളം കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മെര്‍ലിന്‍ ജിയോ, വയനാട് ഗ്രൂപ്പ് മാനേജര്‍ ബെനില്‍ ജോണ്‍ എന്നിവര്‍ പറഞ്ഞു. ഹാരിസണ്‍ മലയാളം കമ്പനിക്കു കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 24 തോട്ടങ്ങളില്‍നിന്നു എത്തിച്ചതാണ് ടീ മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കള്‍. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെ മ്യൂസിയത്തില്‍ സന്ദര്‍ശകരെ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."