സമസ്ത ശരീഅത്ത് സമ്മേളനം നാളെ കോഴിക്കോട്ട്
കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരേയുള്ള നീക്കങ്ങളില്‍ പ്രതിഷേധിച്ചു സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കോഴിക്കോട്ട് സമസ്ത ശരീഅത്ത് സമ്മേളനം നടക്കും. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും ധാര്‍മികതയെയും നിരാകരിച്ചു ലൈംഗിക അരാജകത്വത്തിലേക്കു സമൂഹത്തെ തള്ളിവിടുന്ന സ്വവര്‍ഗരതിക്കും വിവാഹേതര ലൈംഗികതയ്ക്കും നിയമപരിരക്ഷയുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
പള്ളികളുടെ സാധുത ചോദ്യം ചെയ്യുംവിധം ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ സമുദായത്തിനുണ്ടാക്കിയ ആശങ്കകളും സമ്മേളനത്തില്‍ വിശകലനം ചെയ്യും. നാളെ വൈകിട്ട് അഞ്ചിനു മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി ഇന്നു സംസ്ഥാനമെങ്ങും ശരീഅത്ത് ദിനമായി ആചരിക്കും. പള്ളികളില്‍ ജുമുഅക്കു ശേഷം പ്രത്യേക പ്രഭാഷണം നടക്കും.
ഇതോടൊപ്പം മുത്വലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അയക്കാനുള്ള 10 ലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിക്കും. സംസ്ഥാനത്തിനു പുറത്തും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ശരീഅത്ത് സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമ്മേളനങ്ങളും ഒപ്പുശേഖരണവും നടത്തും.
ശരീഅത്ത് സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്ത കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ പ്രഭാഷണം നടത്തും.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."