മീ ടൂ: രണതുംഗക്കും മലിംഗക്കുമെതിരേ വെളിപ്പെടുത്തല്‍
മുംബൈ: ലോകവ്യാപകമായി നടക്കുന്ന മീ ടൂ ക്യാംപയിന്‍ ആരോപണം കായിക രംഗത്തെ പ്രമുഖര്‍ക്കെതിരേയും. കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായിരുന്ന അര്‍ജുന രണതുംഗക്കെതിരേ വിമാനക്കമ്പനി ജീവനക്കാരി ആരോപണമുന്നയിച്ചത്. രണതുംഗ തന്നെ ലൈംഗികമായി സ്പര്‍ശിച്ചെന്ന് യുവതി വെളിപ്പെടുത്തി. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. സംഭവം അന്നുതന്നെ റിസപ്ഷനില്‍ പറഞ്ഞെങ്കിലും ഇതു നിങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് അവര്‍ പറഞ്ഞതെന്ന് യുവതിയുടെ കുറിപ്പിലുണ്ട്.
കടുത്ത ക്രിക്കറ്റ് ആരാധികയായ സുഹൃത്തിനായി ഓട്ടോഗ്രാഫ് വാങ്ങാനായി ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. അവിടെ എത്തിയപ്പോള്‍ ഏഴോളം താരങ്ങളുണ്ടണ്ടായിരുന്നു. ഭീതിയിലായ താന്‍ മടങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, സുഹൃത്ത് മടങ്ങാന്‍ കൂട്ടാക്കിയില്ല. നീന്തല്‍ കുളത്തിന് സമീപമെത്തിയപ്പോള്‍ രണതുംഗ തന്നെ അക്രമിച്ചെന്ന് യുവതി പറഞ്ഞു. ശബ്ദമുയര്‍ത്തിയ താന്‍ പൊലിസില്‍ പരാതി പറയുമെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തി.
ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ഇടപെടാന്‍ അവര്‍ കൂട്ടാക്കിയുമില്ലെന്നും യുവതി വെളിപ്പെടുത്തി. 2001ല്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയ രണതുംഗ ശ്രീലങ്കയില്‍ പെട്രോളിയം റിസോഴ്‌സസ് ഡെവലപ്‌മെന്റ് മന്ത്രിയാണിപ്പോള്‍. യുവതിയുടെ വെളിപ്പെടുത്തല്‍ ശ്രീലങ്കയില്‍ രാഷ്ട്രീയമായി വലിയ ഒച്ചപ്പാടുണ്ടാക്കുമെന്നുറപ്പാണ്. ശ്രീലങ്കക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ പ്രധാന താരമായിരുന്നു രണതുംഗ.
തമിഴ്‌നാട്ടിലെ പിന്നണി ഗായിക ചിന്മയി ശ്രീപാദയും മറ്റൊരു ലങ്കന്‍ ക്രിക്കറ്റര്‍ക്കെതിരേ ആരോപണവുമായി രംഗത്തെത്തി. ലസിത് മലിംഗക്കെതിരേയാണ് ഗായിക ആരോപണമുന്നയിച്ചത്. ഐ.പി.എല്‍ സീസണില്‍ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ച് മലിംഗ അജ്ഞാതയായ യുവതിയെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ചെന്ന് ചിന്മയി ആരോപിച്ചു. മലിംഗ ആരോപണത്തിനെതിരേ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."