നെല്ല്യാടി പാലത്തിനടിയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം
മേപ്പയ്യൂര്‍: കീഴരിയൂര്‍ പഞ്ചായത്തിനെയും കൊയിലാണ്ടി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന നെല്ല്യാടിപാലത്തിനടിയിലെ പൊലിസ് പട്രോളിങ് യൂനിറ്റ് നിര്‍ത്തിയതോടെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. പുഴയോരങ്ങളില്‍ വ്യാജവാറ്റും രാത്രികാല മണല്‍വാരലും സജീവമാണെന്നു വ്യാപക പരാതി. നെല്ല്യാടിപുഴയോരത്തും പുഴയിലെ തുരുത്തിലും വ്യാജമദ്യ നിര്‍മാണം തടയുക, അനധികൃതമായി മണല്‍ വാരുന്നവരെ പിടികൂടുക, പുഴയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ഏഴുവര്‍ഷം മുന്‍പാണു പാലത്തിനടിയില്‍ സ്പീഡ് ബോട്ട് സൗകര്യമുള്ള പൊലിസ് പട്രോളിങ് യൂനിറ്റ് സ്ഥാപിച്ചത്. വ്യാജമദ്യ നിര്‍മാണം നടക്കുന്ന അകലാപുഴയിലെ തുരുത്തുകളില്‍ റെയ്ഡ് നടത്തി വാറ്റുകാരെ പിടികൂടാനും ശക്തമായ നടപടി സ്വീകരിക്കാനും പൊലിസിനു കഴിഞ്ഞിരുന്നു.
പുഴയോരത്ത് പട്രോളിങ് യൂനിറ്റ് നിര്‍ത്തിയതോടെ വ്യാജവാറ്റും മണല്‍വാരലും മറ്റു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തിരികെ വന്നു. പുഴയോരത്തെ പൊലിസ് പട്രോളിങ് യൂനിറ്റ് പുനഃസ്ഥാപിക്കണമെന്ന് കീഴരിയൂര്‍ പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച നിവേദനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന് നായര്‍ ജില്ലാ പൊലിസ് മേധാവിക്കും നിയോജക മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണനും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."