സഊദിയില്‍ വിസക്കച്ചവടം നടത്തിയാല്‍ അന്‍പതിനായിരം റിയാല്‍ പിഴ
ജിദ്ദ: സഊദിയില്‍ വിസക്കച്ചവടം നടത്തിയാല്‍ അന്‍പതിനായിരം റിയാല്‍ പിഴ. ഇടനിലക്കാര്‍ക്കും സമാന ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമാവലിയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കനുസൃതമായാണ് വിസ കച്ചവടക്കാര്‍ക്കുള്ള പിഴ അന്‍പതിനായിരം റിയാലാക്കി ഉയര്‍ത്തിയത്.
ഒരു വിസ കച്ചവടം ചെയ്യുന്നവര്‍ക്കാണ് ഇത്രയും തുക പിഴ ചുമത്തുക. വില്‍പ്പന നടത്തുന്ന വിസയുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകര്‍ക്കുള്ള പിഴയും ഇരട്ടിയാകും. വിസയും മറ്റു സേവനങ്ങളും ലഭിക്കുന്നതിന് വ്യാജ വിവരങ്ങള്‍ മന്ത്രാലയത്തെ ധരിപ്പിക്കല്‍, വനിതാ ജീവനക്കാരുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന നിലയ്ക്ക് അനുയോജ്യമായ തൊഴില്‍ സാഹചര്യം ഒരുക്കാതിരിക്കല്‍, നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാതെ ആശ്രിത വിസയിലുള്ളവരെ ജോലിക്ക് വെക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്കു 25,000 റിയാല്‍ വീതം പിഴ ചുമത്തും.
വനിതകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാതിരിക്കുകയോ ഇലക്ട്രോണിക് സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയോ ചെയ്താലും വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതിരുന്നാലും തൊഴിലുടമയ്‌ക്കെതിരെ 20,000 റിയാല്‍ വീതം പിഴ ചുമത്തും. വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചു പിഴ ഇരട്ടിയാകും. ഒരേ സ്ഥലത്തു സ്ത്രീ പുരുഷന്മാരെ ജോലിക്കു വെയ്ക്കല്‍, തൊഴിലാളികളെ നിര്‍ബന്ധിച്ചു ജോലിക്കുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 15,000 റിയാലാണ് പിഴ. തൊഴിലുടമ വഹിക്കേണ്ട വിദേശ തൊഴിലാളികളുടെ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് ഫീസുകളും ലെവിയും തൊഴിലാളിയുടെ മേല്‍ ചുമത്തിയാല്‍ 10,000 റിയാല്‍ വീതം പിഴ ലഭിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."