വ്യാജ തങ്കക്കട്ടി വില്പന: ഒരാള്‍കൂടി അറസ്റ്റില്‍
തലശ്ശേരി: മൂന്നു കിലോയോളം വരുന്ന വ്യാജ തങ്കക്കട്ടി വില്പന നടത്തി കബളിപ്പിച്ച കേസില്‍ ഒരാളെകൂടി പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശി കാരായിപറമ്പ് ബി. ബഷീറിനെ (58) ആണ് ന്യൂമാഹി എസ്.ഐ രാജേഷും സംഘവും പിടികൂടിയത്.
ഇതേ കേസില്‍ വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ ഷാഹിദ് ഷുഹൈലിനെ (49) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 24നാണ് പഴയങ്ങാടി മാട്ടൂലിലെ ആറ്റക്കോയ തങ്ങളെ പുന്നോലില്‍ വിളിച്ചുവരുത്തി രണ്ടംഗസംഘം വ്യാജതങ്കം നല്കി പണം വാങ്ങി തട്ടിപ്പ് നടത്തിയത്. ലോഹക്കട്ടിയുടെ മുകളില്‍ മാത്രം സ്വര്‍ണം പൂശി തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആറ്റക്കോയ തങ്ങള്‍ ന്യൂമാഹി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
രണ്ടുഘട്ടങ്ങളിലായി ഇയാളില്‍നിന്നു 10 ലക്ഷം രൂപ പ്രതികള്‍ കൈക്കലാക്കിയിരുന്നു. കേസില്‍ മുഖ്യസൂത്രധാരനായ ഒരാള്‍ കൂടിയുണ്ടെന്നാണു പ്രതികളില്‍നിന്നു ലഭിച്ച വിവരമെന്നു പൊലിസ് പറഞ്ഞു. ബഷീറിനെ ഫറോക്ക് പൊലിസാണു കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു ന്യൂമാഹി പൊലിസിനു കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."