അധ്യാപിക തലയ്ക്കടിയേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് പിടിയില്‍
ശാസ്താംകോട്ട: സ്‌കൂള്‍ അധ്യാപികയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപികയുടെ ഭര്‍ത്താവ് പൊലിസ് പിടിയിലായി. ശാസ്താംകോട്ട മനക്കര രാജഗിരിയില്‍ അനിതാ ഭവനില്‍ ആഷ്‌ലി സോളമനാണ്(41) പിടിയിലായത്.
അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപികയായ രാജഗിരി അനിത ഭവനത്തില്‍ അനിത സ്റ്റീഫനാണ് (39) കൊല്ലപ്പെട്ടത്. കടപുഴയ്ക്ക് സമീപത്തു നിന്നുമാണ് ഇയാള്‍ പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആഷ്‌ലി പത്തനംതിട്ട വഴി കോട്ടയത്തേക്കും പിന്നീട് കാസര്‍കോട്ടേക്കും പോയി. ഇയാളുടെ ഫോണ്‍ കൊല്ലം റൂറല്‍ എസ്.പി അശോകന്റെ നേതൃത്വത്തില്‍ സൈബര്‍വിങ് നിരീക്ഷണത്തിലായിരുന്നു. കൊല്ലം ജില്ലയിലേക്ക് മടങ്ങി എത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: 9ന് വൈകിട്ട് 3.30 ഓടെ സ്‌കൂളില്‍ നിന്നും മക്കള്‍ വീട്ടിലെത്തിയപ്പോഴാണ് അനിതയെ സ്വീകരണമുറിയില്‍ തലയ്ക്കടിയേറ്റ് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് രക്തം പുരണ്ട ചിരവയും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട അനിതയ്ക്ക് തേവലക്കര സ്വദേശിയായ അശോക പണിക്കര്‍ എന്നയാളുമായി അടുപ്പവും വഴിവിട്ട ബന്ധവും ഉണ്ടായിരുന്നു.
അനിതയെ ഭര്‍ത്താവ് തടങ്കലില്‍ വച്ചിരിക്കയാണെന്ന് കാട്ടി ഇയാള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം പൊലിസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. താന്‍ അശോക പണിക്കരോടൊപ്പം ജീവിക്കാന്‍ പോകുകയാണെന്ന് സംഭവ ദിവസം അനിത ഭര്‍ത്താവിനോട് പറഞ്ഞിരുന്നു.
മാത്രമല്ല അന്നു തന്നെ ഇവരെ കാണാന്‍ അശോക പണിക്കര്‍ വീടിനു സമീപം എത്തുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രകോപനത്തെ തുടര്‍ന്നാണ് അനിതയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്. ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് നാടുവിട്ടതെന്ന് ആഷ്‌ലി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കൊട്ടാരക്കര ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട സി.ഐ വി.എസ് പ്രശാന്ത്, എസ്.ഐമാരായ രാജീവ്, നൗഫല്‍, എ.എസ്.ഐ അജയകുമാര്‍ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
എന്നാല്‍ പ്രതിയെ പൊലിസ് പിടികൂടിയതല്ല കുണ്ടറ പൊലിസ് സ്റ്റേഷനില്‍ ബന്ധുവിന്റെ സഹായത്തോടെ കീഴടങ്ങുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."