മെഡിക്കല്‍ കോളജിലും 'സുഖവാസം'
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് മെഡിക്കല്‍ കോളജിലും 'സുഖവാസം'.
മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റിയിലെ സര്‍ജറി ഐ.സി യുവിലാണ് ശ്രീറാം റിമാന്‍ഡില്‍ കഴിയുന്നത്. മെഡിക്കല്‍ കോളജ് സെല്ലിലേക്ക് കഴിഞ്ഞ ദിവസം രാത്രി മാറ്റിയെങ്കിലും സഹപാഠികളായ ഒരുസംഘം ഡോക്ടര്‍മാര്‍ പൊലിസിന്റെ ഒത്താശയോടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ.സിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
എം.ബി.ബി.എസുകാരനായ ശ്രീറാമിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ കാലയളവിലെ സഹപാഠികളാണ് ഐ.സിയുവില്‍ പ്രത്യേക പരിചരണവുമായി രംഗത്തുള്ളത്. റിമാന്‍ഡ് പ്രതിയെന്ന നിലയില്‍ പൊലിസ് കാവലിലാണ് ശ്രീറാമെങ്കിലും നിയന്ത്രണങ്ങളൊന്നുമില്ലെന്നാണ് സൂചന.
മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന ഇരുപതാം വാര്‍ഡിന് സമീപത്തെ സെല്‍ റൂമിലേക്ക് ഞായറാഴ്ച രാത്രി 10.30 ഓടെ കൊണ്ടുപോയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനകളിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെന്നാണ് സൂചന.
രാത്രി പതിനൊന്നോടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലെ ഐ.സി യുവിലേക്ക് മാറ്റി. അവിടെ നിന്ന് ഇന്നലെ രാവിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ട്രോമ ഐ.സിയുവിലേക്ക് മാറ്റി. ഇതിനുപിന്നാലെ പത്രപ്രവര്‍ത്തക യൂനിയന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കണ്ട് ശ്രീറാമിന് വഴിവിട്ട് സഹായം നല്‍കുന്നത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ശ്രീറാമിന്റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ചേരാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൊളജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അഞ്ചുപേരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീറാം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. പരിശോധനാഫലങ്ങള്‍ വരുന്നമുറയ്ക്ക് ബോര്‍ഡ് വീണ്ടും യോഗംചേര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരണമോയെന്ന് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."