എസ്.ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അടുത്തദിവസങ്ങളില്‍ നടപടിയുണ്ടാകും. സംഭവം നടന്ന് നാല് മണിക്കൂറിനുശേഷമാണ് കേസില്‍ എഫ്.ഐ.ആര്‍ ഇട്ടത്.
പൊലിസ് സ്റ്റേഷന്‍ രേഖകളില്‍ അപകടം നടന്ന വിവരം രേഖപ്പെടുത്തിട്ടും കേസെടുത്തിട്ടില്ല. രക്തസാമ്പിളുകള്‍ ശേഖരിക്കുന്നതിലും എസ്.ഐ വീഴ്ചവരുത്തിയെന്നും സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നിരവധിതവണ ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോ. രാകേഷ് രക്തമെടുക്കാന്‍ തയാറായില്ലെന്നാണ് പൊലിസ് പറയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, രക്തമെടുക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്ന് എഴുതിയിട്ടുണ്ടെന്നുമാണ് ഡോക്ടര്‍ പറയുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തുക്കളായ ചിലര്‍ ആശുപത്രിയിലെത്തി രക്തസാംപിള്‍ എടുക്കാന്‍ പാടില്ലെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."