തിരക്കൊഴിയാതെ വില്ലേജ് ഓഫിസ്: വട്ടം കറങ്ങി ജനം
ബോവിക്കാനം: വില്ലേജ് ഓഫിസില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് പൊതുജനം വട്ടം കറങ്ങുന്നു. മുളിയാര്‍ വില്ലേജ് ഓഫിസിലാണ് ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുന്നത്. ഇവിടെ ഭൂ നികുതി അടക്കണമെങ്കില്‍ പുലര്‍ച്ചെ അഞ്ചിനുവന്ന് മുന്‍രസീത് വച്ച് ക്യൂ നില്‍ക്കണം. വില്ലേജ് ഓഫിസ് തുറക്കുന്ന രാവിലെ 10 ആകുമ്പോഴേക്കും ക്യൂവില്‍ അന്‍പതിലധികം ആളുകള്‍ ആകും.
ജീവനക്കാര്‍ വന്ന് ഓഫിസ് തുറന്ന ശേഷം രസീത് വച്ച് ക്യൂ നിന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. അതും ഒരു ദിവസം ഇരുപതു ടോക്കണ്‍ മാത്രം. ടോക്കണ്‍ ലഭിച്ചവര്‍ പച്ചവെള്ളം പോലും കുടിക്കാതെ തങ്ങളുടെ നമ്പര്‍ വിളിക്കുന്നതും കാത്തുനില്‍ക്കണം. ടോക്കണ്‍ ലഭിക്കാത്തവര്‍ പിറ്റേന്നുപുലര്‍ച്ചെ വന്ന് വീണ്ടും കാത്തിരിക്കും.
ചിലപ്പോള്‍ നാലും അഞ്ചും ദിവസം വരെ ആളുകള്‍ പ്രസ്തുത രീതിയില്‍ ഓഫിസില്‍ കയറിയിറങ്ങിയാല്‍ മാത്രമേ മുളിയാര്‍ വില്ലേജ് ഓഫിസില്‍ ഭൂമിക്ക് നികുതി അടക്കാനും മറ്റ് പല ആവശ്യങ്ങളും നേടിയെടുക്കാനും സാധിക്കുകയുള്ളൂ. ഇതിനു പുറമെ മാറിമറിഞ്ഞ സര്‍വേ നമ്പറുകളും ഭൂമിയുടെ അളവുകള്‍ കൂടിയും കുറഞ്ഞും ഉള്ള മറ്റു പ്രശ്‌നങ്ങളും ആളുകളെ ദുരിതക്കയത്തിലാക്കുന്നു.
ഭൂനികുതി അടക്കാന്‍ വില്ലേജില്‍വന്നു നോക്കുമ്പോള്‍ തങ്ങളുടെ സര്‍വേ നമ്പറുകളും പേരും തെറ്റായാണ് കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയതായി കാണുന്നത്. ഇതോടെ മണിക്കൂറുകളോളം കാത്തുനിന്നു കരസ്ഥമാക്കിയ ടോക്കണും ഉപേക്ഷിച്ചു വീണ്ടും മറ്റൊരു ദിവസം വരേണ്ട അവസ്ഥയും പല ഭൂ ഉടമകള്‍ക്കും അനുഭവിക്കേണ്ടി വരുന്നു. പലര്‍ക്കും രേഖയില്‍ ഉള്ളതിനെക്കാള്‍ സ്ഥലം കുറഞ്ഞും കൂടിയുമുണ്ട്.
വില്ലേജ് ഓഫിസുകളില്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ ഓഫിസ് പരിധിയിലും സംഘടിപ്പിച്ച ക്യാംപുകളില്‍ ഭൂ ഉടമകള്‍ പൂരിപ്പിച്ചുനല്‍കിയ അപേക്ഷയില്‍ ഉണ്ടായ തെറ്റുകളും ശരിയായി നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ അധികൃതര്‍ ഓണ്‍ലൈനില്‍ കയറ്റുമ്പോള്‍ ഉണ്ടായ തെറ്റുകളും നികുതി ഒടുക്കുന്നതിനു തണ്ടപ്പേര് നമ്പര്‍ ആവശ്യമായി വന്നതും മറ്റുമാണ് പലര്‍ക്കും ഭൂ നികുതി അടക്കാന്‍ കഴിയാതെ വട്ടം കറങ്ങേണ്ട അവസ്ഥ ഉണ്ടാക്കിയത്.
തെറ്റുകള്‍ തിരുത്താന്‍ വില്ലേജ് ഓഫിസില്‍ സംവിധാനമുണ്ടെങ്കിലും തണ്ടപ്പേര് രജിസ്റ്റര്‍ ചെയ്യാനെത്തുന്നവരുടെയും മറ്റു പല ആവശ്യങ്ങള്‍ക്കെത്തുന്നവരുടെയും തിരക്കു കാരണം ഇതിനു കാലതാമസം നേരിടുകയാണ്.
അതേ സമയം, ഇടക്ക് വൈദ്യുതി മുടങ്ങുകയോ ഇന്റര്‍നെറ്റ് സംവിധാനം തകരാറിലാവുകയോ ചെയ്താല്‍ പിന്നെ കാത്തിരിപ്പുനീളും. വൈദ്യുതി നിലച്ചാല്‍ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍വെര്‍ട്ടറോ മറ്റുസംവിധാനങ്ങളോ ഇവിടെയില്ല. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ തിരക്കു കാരണം ജീവനക്കാര്‍ക്കും വിശ്രമമില്ലാത്ത അവസ്ഥയാണ്.
തണ്ടപ്പേര് ചേര്‍ക്കലും മുന്‍പ് ചേര്‍ത്തവയുടെ തെറ്റുകള്‍ തിരുത്തലും ഉള്‍പ്പെടെയുള്ള ജോലികള്‍ ഒരോരുത്തരുടെയും രേഖകള്‍ വിശദമായി പരിശോധിക്കലും ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്തേണ്ടി വരുമ്പോള്‍ ജീവനക്കാരും ദുരിതം പേറുന്നു.
നേരത്തെയുണ്ടായ വില്ലേജ് ഓഫിസറെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്റ് ചെയ്തിരുന്നു. പകരം പുതിയ ഓഫിസറെ നിയമിച്ചിട്ടില്ല. ഇവിടെയുള്ള സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ക്കു ചുമതല നല്‍കിയിരിക്കുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."