ഈ വര്‍ഷം മക്കയിലെത്തിയത് 57 ലക്ഷം ഉംറ തീര്‍ഥാടകര്‍
ജിദ്ദ: ഉംറ സീസണ്‍ ആരംഭിച്ച ഈ വര്‍ഷം ഇതുവരെ വിദേശങ്ങളില്‍നിന്ന് 57,12,372 തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മുഹറം ഒന്നിനും റമദാന്‍ മൂന്നിനുമിടയിലാണ് ഇത്രയും തീര്‍ഥാടകര്‍ എത്തിയത്. ഇതില്‍ 52,45,704 പേര്‍ ഉംറ നിര്‍വഹിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി.
ഉംറ തീര്‍ഥാടകര്‍ കൃത്യസമയത്ത് തിരിച്ചുപോകണമെന്ന് ജവാസാത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ഖാലിദ് അല്‍ജുഅയ്ദ് ആവശ്യപ്പെട്ടു. നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന തീര്‍ഥാടകര്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കും. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും. ഉംറ തീര്‍ഥാടകര്‍ വിസാ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങുന്നത് നിയമ വിരുദ്ധമാണ്. ഇവര്‍ക്കു ജോലി ചെയ്യുന്നതിനും മക്കക്കും മദീനക്കും ജിദ്ദക്കും പുറത്ത് സഞ്ചരിക്കുന്നതിനും വിലക്കുണ്ട്. വിസാ കാലയളവില്‍ മക്കയിലും ജിദ്ദയിലും മദീനയിലും യാത്ര ചെയ്യുന്നതിനു മാത്രമാണ് ഉംറ തീര്‍ഥാടകര്‍ക്ക് അനുമതിയുള്ളത്.
അനധികൃതമായി തങ്ങുന്ന ഉംറ തീര്‍ഥാടകര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും മറ്റു സഹായങ്ങളും ആരും നല്‍കരുത്. നിയമലംഘകരെ സഹായിക്കുന്നവര്‍ക്കെതിരേയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മേജര്‍ ജനറല്‍ ഖാലിദ് അല്‍ജുഅയ്ദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."