ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍ അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ശ്രീറാമിനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് ഡയരക്ടറായി നിയമിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പ്രൊജക്ട് ഡയരക്ടര്‍ കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിങ് കമ്മിഷണര്‍, കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ തസ്തികകളും നല്‍കിയിരുന്നു.
നരഹത്യയ്ക്ക് 304ാം വകുപ്പുപ്രകാരം അറസ്റ്റിലായ ശ്രീറാം 24 മണിക്കൂറിലേറെയായി ജുഡിഷ്യല്‍ കസ്റ്റഡിയിലാണെന്ന് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് ഇന്നലെ രാവിലെ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്.
ഓള്‍ ഇന്ത്യ സര്‍വിസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) റൂള്‍സ് 1969ലെ റൂള്‍ 3(3) അനുസരിച്ചാണ് സസ്‌പെന്‍ഷന്‍. ഉത്തരവിന്റെ പകര്‍പ്പ് ജയില്‍ ഡി.ജി.പിക്കും കൈമാറി. പത്തുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുചേര്‍ത്താണ് ശ്രീറാമിനെതിരേ പൊലിസ് കേസെടുത്തിട്ടുള്ളത്. സിവില്‍ സര്‍വിസ് ചട്ടമനുസരിച്ച് 48 മണിക്കൂറിലേറെ ഒരു ഉദ്യോഗസ്ഥന്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സര്‍വിസ് ചട്ടലംഘനങ്ങളുടെ പേരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇതിനുമുന്‍പും സസ്‌പെന്‍ഷനിലായിട്ടുണ്ടെങ്കിലും നരഹത്യയുടെ പേരില്‍ നടപടി നേരിടുന്ന ആദ്യ ഐ.എ.എസ് ഓഫിസറാണ് ശ്രീറാം. 2013ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വിസിലെത്തിയത്. അതിനിടെ, ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപംനല്‍കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ക്രൈംബ്രാഞ്ച് എസ്.പി എ.ഷാനവാസ്, തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയില്‍, വിഴിഞ്ഞം കോസ്റ്റല്‍ പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.അജി ചന്ദ്രന്‍ നായര്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഇന്‍സ്‌പെക്ടര്‍ എസ്.എസ് സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുള്ളത്. ഷീന്‍ തറയിലാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളും സംഘം അന്വേഷിക്കും. എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കാനാണ് സംഘത്തിന് ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."