കെട്ടിടങ്ങള്‍ക്കു മുകളിലെ മൊബൈല്‍ ടവറുകള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നു
കാസര്‍കോട്: കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ടവറുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. കനത്ത കാറ്റും മറ്റുമുണ്ടാകുമ്പോള്‍ ടവറുകള്‍ വീഴുന്ന നിലയിലാണ് ഉള്ളത്. മണ്ണില്‍ മൂന്നു മീറ്ററിലധികം കുഴിയെടുത്ത് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിച്ച് അതിനു മുകളില്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷ കെട്ടിടങ്ങള്‍ക്കുമുകളില്‍ സ്ഥാപിക്കുന്ന ടവറുകള്‍ക്കുണ്ടാകുന്നില്ല.
കെട്ടിടങ്ങള്‍ക്കുമുകളില്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ രണ്ടോ മൂന്നോ അടി ഉയര്‍ത്തില്‍ ചെറിയ ഫില്ലറുകള്‍ സ്ഥാപിക്കുകയും അതിനുമുകളില്‍ ടവര്‍ നിര്‍മാണം നടത്തുന്ന അവസ്ഥയുമാണ് നിലവിലുള്ളത്. ഇതിനുപുറമെ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് പില്ലറുകളുടെ ബലവും മറ്റും കെട്ടിടങ്ങള്‍ക്കുമുകളില്‍ സ്ഥാപിക്കുന്ന ചെറിയ പില്ലറുകള്‍ക്ക് ഉണ്ടാകുന്നില്ലെന്നതും സുരക്ഷയില്ലായ്മ വര്‍ധിപ്പിക്കുന്നു.
ഒരാഴ്ച മുമ്പ് കാസര്‍കോട്ടുണ്ടായ കനത്തകാറ്റില്‍ കെട്ടിടത്തിനു മുകളിലുള്ള ടവര്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിടത്തിനു നാശം സംഭവിക്കുകയും ചെയ്തു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്.
അതേസമയം, മണ്ണില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവിനേക്കാള്‍ വളരെ ചുരുങ്ങിയ ചെലവ് ഉപയോഗിച്ച് ടവറുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നതിനാല്‍ മൊബൈല്‍ കമ്പനികള്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ ടവറുകള്‍ സ്ഥാപിക്കാനാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. ഇതിനുപുറമെ സ്ഥല പരിമിതി പ്രശ്‌നങ്ങളും നഗരങ്ങളില്‍ ഉണ്ടാകും. ഇതുമറി കടക്കുന്നതിനു വേണ്ടിയാണ് കൂടുതല്‍ ചെലവും പ്രയാസങ്ങളുമില്ലാതെ കെട്ടിടങ്ങള്‍ക്കു മുകളില്‍ ടവറുകള്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ ഒരുങ്ങുന്നത്.
എന്നാല്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ടവറുകള്‍ക്കു കനത്ത ബലവും ഉണ്ടാക്കാന്‍ കമ്പനി അധികൃതര്‍ ശ്രദ്ധിക്കാറില്ലെന്നാണ് ആരോപണം. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ടവര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ അവര്‍ക്കുമനസില്‍ തോന്നിയ ഉറപ്പു മാത്രമാണ് ടവറിന്റെ ബലം. ഇതുപലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന സാഹചര്യമാണുള്ളത്. സമയാസമയങ്ങളില്‍ ടവറുകളുടെ ബല പരിശോധന നടത്താനോ ആവശ്യമായ അറ്റകുറ്റപണികള്‍ നടത്താനോ കമ്പനി അധികൃതര്‍ തയാറാകാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കമ്പനി അധികൃതര്‍ ചെറിയ തോതിലുള്ള വാടക കെട്ടിട ഉടമകള്‍ക്കു പ്രതിവര്‍ഷം നല്‍കി ലാഭം കൊയ്യുമ്പോള്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും മറ്റുമുണ്ടാകുന്ന ആളുകളുടെ സുരക്ഷക്ക് യാതൊരു സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നില്ല. ഇതിനുപുറമെ ടവറുകള്‍ തകര്‍ന്നു വീഴുമ്പോള്‍ കെട്ടിട ഉടമകള്‍ക്കും കനത്ത നഷ്ടമുണ്ടാവുകയും ചെയ്യുന്നു.
അതേസമയം, കെട്ടിടങ്ങള്‍ക്കുമുകളില്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ കനത്ത സുരക്ഷാ സംവിധാനം ഉണ്ടാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നു കമ്പനി അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ടവര്‍ നിര്‍മാണ ജോലികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ചെയ്താല്‍ അപകട ഭീഷണികള്‍ ഒരു പരിധി വരെയെങ്കിലും തടയാന്‍ കഴിയുമെന്നാണ് ഉയര്‍ന്നുവരുന്ന അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."