എന്താണ് 370ഉം 35 എയും, അതെങ്ങനെ ഉണ്ടായി ?
ന്യൂഡല്‍ഹി: ജമ്മു കശ്മിരിന് ലഭിച്ച പ്രത്യേക പദവിക്ക് പിന്നില്‍ ചോരയുടെ മണമുള്ളതും വിട്ടുവീഴ്ചയുടേതുമായ വലിയ ചരിത്രമുണ്ട്. അതൊരിക്കലും ഇന്ത്യന്‍ സര്‍ക്കാരും ഇന്ത്യയുടെ ഭരണഘടനയും ജമ്മു കശ്മിരിന് നല്‍കിയ ഔദാര്യമോ സവിശേഷ പരിഗണനയോ അല്ല. മറിച്ച്, സംസ്ഥാനത്തിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കലായിരുന്നു.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യ വിഭജിക്കപ്പെട്ടതുമുതലാണ് 370 ാം വകുപ്പിന്റെ ചരിത്രവും തുടങ്ങുന്നത്. വിഭജനത്തോടെ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്ന തെരഞ്ഞെടുപ്പിന് അവസരമുണ്ടായിരുന്നു. അവിഭക്ത ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന 550 ഓളം നാട്ടുരാജ്യങ്ങളില്‍ ചിലത് ഇന്ത്യക്കും ചിലത് പാകിസ്താനും ഒപ്പം ചേര്‍ന്നു. നാട്ടുരാജ്യങ്ങളിലെ ഭൂരിപക്ഷ ജനതയുടെ കാഴ്ചപ്പാട് തന്നെയായിരുന്നു ഇന്ത്യ, അല്ലെങ്കില്‍ പാകിസ്താന്‍ എന്ന തെരഞ്ഞെടുപ്പിനെ പ്രധാനമായും സ്വാധീനിച്ചത്.
ഹൈദരാബാദ്, തിരുകൊച്ചി, ജമ്മു കശ്മിര്‍, ഗുജറാത്തിലെ ജുനാഗദ് എന്നിങ്ങനെ ഇന്ത്യയോടും പാകിസ്താനോടും ചേരാന്‍ വിസമ്മതിച്ച നാട്ടുരാജ്യങ്ങളും ഉണ്ട്. ജമ്മു കശ്മിരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്‌ലിംകളായിരുന്നു, രാജാവ് ഹൈന്ദവവിശ്വാസിയായ മഹാരാജാ ഹരിസിങ്ങും. എവിടെയും ചേരാന്‍ വിസമ്മതിച്ച ജുനാഗദില്‍ ആവട്ടെ രാജാവ് മുസ്‌ലിമായ മുഹമ്മദ് മഹാഭട് ഖാന്‍ജിയും, ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കളുമായിരുന്നു.
പാകിസ്താനോട് ചേരാനായിരുന്നു ജുനാഗദ് രാജാവിന്റെ ഇഷ്ടം. 1947 സപ്തംബറില്‍ ഇതുസംബന്ധിച്ച സമ്മതപത്രത്തിലും രാജാവ് ഒപ്പിട്ടു. എന്നാല്‍, ജനങ്ങള്‍ വിയോജിച്ചു. കേന്ദ്രസര്‍ക്കാരും രാജാവിന്റെ നടപടിയെ എതിര്‍ത്തു. രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ നിലപാട് അറിയാനായി ഹിതപരിശോധന നടത്തണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി വല്ലഭ്ഭായി പട്ടേല്‍ പാകിസ്താനോട് ആവശ്യപ്പെട്ടു. പാകിസ്താന്‍ ഇത് തള്ളി. വൈകാതെ സൈനികനടപടിയിലൂടെ ജുനാഗദിനെ സര്‍ക്കാര്‍ ഇന്ത്യയുടെ ഭാഗമാക്കി.
ഇതിനു സമാനമായിരുന്നു ജമ്മു കശ്മിരിലെ സാഹചര്യം. പാകിസ്താനോടൊപ്പം ചേരണമെന്ന് പറഞ്ഞ് സംസ്ഥാനത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പാക് അനുകൂലികളെ അടിച്ചമര്‍ത്തുകയായിരുന്നു രാജാവ് ചെയ്തത്.
ആയിരക്കണക്കിന് മുസ്‌ലിംകളാണ് അന്ന് കൊല്ലപ്പെട്ടത്. വന്‍തോതില്‍ പലായനവും ഉണ്ടായി. ശക്തമായ ഹിന്ദു- മുസ്‌ലിം കലാപങ്ങളും പലായനങ്ങളുമുണ്ടായി. വൈകാതെ പാക് അനുകൂലികള്‍ മുസഫറാബാദ് ആസ്ഥാനമായ ഭൂപ്രദേശത്തെ 'ആസാദ് കശ്മീര്‍' എന്ന പേരില്‍ സ്വതന്ത്ര്യം പ്രഖ്യാപിച്ചു.
പാക് അനുകൂലികളുടെ ശല്യം ഏറിയതോടെ അവരെ അടിച്ചമര്‍ത്താന്‍ ഹരിസിങ് രാജാവ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍, സ്വതന്ത്ര നാട്ടുരാജ്യമായതുകൊണ്ട് ഹരിസിങ്ങിന്റെ അഭ്യര്‍ഥന ഇന്ത്യ തള്ളി. ഇന്ത്യയോടൊപ്പം ചേരാന്‍ പ്രലോഭനവും സമ്മര്‍ദ്ദവുമുണ്ടായി. ഇത്തരത്തില്‍ കടുത്ത സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകാന്‍ ഹരിസിങ് സമ്മതിച്ചപ്പോള്‍ നിലവില്‍ വന്ന ഉടമ്പടികളുടെ ഭാഗമായിരുന്നു ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍. അധികം വൈകാതെ ജമ്മു കശ്മിര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള സമ്മതപത്രം ഹരിസിങ്ങും ഇന്ത്യയെ പ്രതിനിധീകരിച്ച് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. ഇത് താല്‍ക്കാലികമാണ്, പ്രതിരോധവും വാര്‍ത്താവിനിമയവും വിദേശവും വകുപ്പുകള്‍ മാത്രമാണ് ഇന്ത്യക്ക് കൈമാറിയത്, തര്‍ക്കപ്രദേശമായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ ഹിതപരിശോധന നടത്തിയശേഷമേ തീരുമാനം എടുക്കാവൂവെന്നുമുള്ള വ്യവസ്ഥകളോടെയാണ് സമ്മതപത്രത്തില്‍ ഹരിസിങ് ഒപ്പുവച്ചത്.
ഇതുപ്രകാരം ജമ്മു കശ്മിരിനു പ്രത്യേക സംസ്ഥാനപദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പാണ് 370. സംസ്ഥാനത്തെ പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് 35 എ വകുപ്പ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും കശ്മിരിന് ബാധകമല്ല.
പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മു കശ്മിര്‍ നിയമസഭ അംഗീകരിച്ചാല്‍ മാത്രമെ അവ സംസ്ഥാനത്ത് നടപ്പാവൂ. 370 ാം വകുപ്പിന്റെ ഭാഗമായാണ്, ആരൊക്കെയാണ് ജമ്മു കശ്മിരിലെ സ്ഥിരതാമസക്കാര്‍ എന്ന് നിര്‍വ്വചിക്കുന്ന 35 എ നിലവില്‍ വന്നത്. ഈ വകുപ്പ് പ്രകാരം ജമ്മു കശ്മിരിന് പുറത്തുനിന്നുള്ളവര്‍ക്ക് സംസ്ഥാനത്ത് ഭൂമിയും വീടും വാങ്ങാനാവില്ല.
പുറത്തുനിന്നുള്ളവര്‍ക്ക് കശ്മിരില്‍ സ്ഥിരമായി താമസിക്കാനും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനും കഴിയില്ല. ചുരുക്കത്തില്‍ രാഷ്ട്രപതിക്ക് പോലും ജമ്മു കശ്മിരില്‍ ഭൂമി വാങ്ങാനാവില്ല.
ജമ്മു കശ്മിര്‍ ഇന്ത്യയുടെ ഭാഗമായതോടെ ഇന്ത്യന്‍ സൈന്യം കശ്മിരില്‍ പ്രവേശിച്ചു. ഇതോടെ പാക് സൈന്യവും കശ്മിരിലെത്തിയത് ആദ്യ ഇന്ത്യാ- പാക് യുദ്ധത്തിന് കാരണമായി. വിഷയം ഐക്യരാഷ്ട്രസഭയുടെ പരിഗണനയിലെത്തി. ഇരുരാജ്യങ്ങളുടെയും ഭാഗം കേട്ട യു.എന്‍ അമേരിക്ക, അര്‍ജന്റിന, ബെല്‍ജിയം, ചെക്കോസ്ലോവാക്കിയ, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടങ്ങിയ സമിതിയെ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി.
ജമ്മു കശ്മിര്‍ ആരുടെ ഭാഗമാണ് എന്നത് തീരുമാനിക്കേണ്ടത് ജനങ്ങളില്‍ ഹിതപരിശോധന നടത്തിയാണ്, ഹിതപരിശോധന നടത്താന്‍ ശുപാര്‍ശ ചെയ്യും, ജമ്മു കശ്മിരിന്റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഹിതപരിശോധനയിലൂടെ മാത്രമാണ്, ജമ്മു കശ്മിരില്‍ നിന്ന് പലായനം ചെയ്ത മുഴുവന്‍ ജനങ്ങളെയും തിരിച്ചുവിളിച്ചാണ് ഹിതപരിശോധന നടത്തേണ്ടത് എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളാണ് സമിതി നടത്തിയത്. ഇതില്‍ ഹിതപരിശോധന നടത്തണമെന്ന നിര്‍ദേശം ഇതുവരെ നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."