ഫണ്ടില്ല; വിദ്യാലയങ്ങളിലെ തൈ വിതരണത്തിന് തിരിച്ചടി
മാനന്തവാടി: ഫണ്ടില്ലാത്തത് പരിസ്ഥിതി ദിനത്തില്‍ നട്ടു പിടിപ്പിക്കാനായി വിദ്യാലങ്ങളിലേക്ക് മരത്തൈകള്‍ എത്തിക്കുന്നതിന് വനം വകുപ്പിന് തടസ്സമാകുന്നു. പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള ഹരിതകേരളം പദ്ധതി വിജയിപ്പിക്കാന്‍ പരസ്യങ്ങള്‍ ഉള്‍പെടെ നല്‍കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് വിദ്യാലയങ്ങളിലേക്ക് തൈകളെത്തിക്കാനാകാതെ വനം വകുപ്പ് കുഴങ്ങുന്നത്.
ഇതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തൈവിതരണത്തില്‍ വന്‍ കുറവാണുണ്ടാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വനം വകുപ്പ് നേരിട്ട് തൈകള്‍ സ്‌കൂളുകളിലെത്തിച്ചിരുന്നു. എന്നാല്‍ ഫണ്ടില്ലാത്തതിനാല്‍ ഇതിന് കഴിയാത്ത നിലയാണ്. തൈകള്‍ ആവശ്യമുള്ള വിദ്യാലയങ്ങള്‍ വനം വകുപ്പ് നഴ്‌സറികളില്‍ നേരിട്ടെത്തി തൈകള്‍ കൊണ്ടുപോകാനാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം. ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി മരങ്ങള്‍ വെച്ച് പിടിപ്പിക്കാനാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിനാവശ്യമായ തൈകള്‍ വനം വകുപ്പ് അതത് ജില്ലകളിലെ നഴ്‌സറികളില്‍ ഇതിനോടകം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവ വഴിയാണ് തൈകള്‍ വിതരണം നടത്തുന്നത്. നേരത്തെ തൈകള്‍ക്ക് വന്‍ വിലവര്‍ധനവ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വിവിധ രംഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വര്‍ധനവ് പിന്‍ വലിച്ചിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൈകള്‍ വിതരണം ചെയ്യുന്നത് വിദ്യാലയങ്ങളിലൂടെയാണ്. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത രണ്ടര ലക്ഷം തൈകളില്‍ ഒരുലക്ഷത്തി അയ്യായിരം തൈകളാണ് വിദ്യാലയങ്ങളിലൂടെ വിതരണം ചെയ്തത്. ഈ വര്‍ഷവും ഇത്ര തന്നെ അപേക്ഷകള്‍ തൈകള്‍ക്കായി വിദ്യാലയങ്ങില്‍ നിന്നും വന്നെങ്കിലും പരിസ്ഥിതി ദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഇതു വരെ പതിനയ്യായിരത്തോളം തൈകള്‍ മാത്രമാണ് വിവിധ നഴ്‌സറികളില്‍ നിന്നും കൊണ്ടു പോയത്. ഇതില്‍ തന്നെ ഭൂരിഭാഗവും എയിഡഡ് വിദ്യാലയങ്ങളാണ് തൈകള്‍ കൊണ്ടു പോയത്. സ്‌കൂള്‍ തുറന്ന ഉടനെയുള്ള സമയമായതിനാല്‍ വാഹനം പിടിച്ച് തൈകള്‍ കൊണ്ടു വരാന്‍ പി.ടി.എ ഫണ്ടില്ലാത്തതാണ് പല വിദ്യാലയങ്ങളെയും വലക്കുന്നത്. പ്രചാരണങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് സൗജന്യമായി തൈകള്‍ എത്തിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."