കണ്ണൂര്‍ വിമാനത്താവളം: കുടകിന് കുതിപ്പേകും
സിദ്ധാപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു വിമാനങ്ങള്‍ പറന്നുയരാന്‍ 57 ദിവസം മാത്രം ബാക്കിനില്‍ക്കെ പുത്തന്‍ പ്രതീക്ഷകളുമായി കാത്തിരിക്കുകയാണ് കുടക്. വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ കുടകിന്റെ വ്യവസായ, വികസന മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്.
മലയോര മേഖലയായ കുടകിനെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാനനഗരമായ വിരാജ്‌പേട്ടയില്‍ നിന്നു കേവലം ഒന്നര മണിക്കൂര്‍ മാത്രം ദൂരെയാണ് കണ്ണൂര്‍ വിമാനത്താവളം. 55 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളുവെന്നതിനാല്‍ ഹജജ്, ഉംറ തീര്‍ഥാടനത്തിനും വിദേശത്തേക്ക് പോകുന്നവര്‍ക്കും കണ്ണൂര്‍ വിമാനത്താവളം ഏറെ ഉപകാരപ്രദമാകും.
നേരത്തെ കുടക് നിവാസികള്‍ നെടുമ്പാശേരി, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു വിമാനത്താവളങ്ങളാണ് ആകാശയാത്രയ്ക്കായി ആശ്രയിച്ചിരുന്നത്. വിദേശ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കാപ്പി, കുരുമുളക് എന്നിവ കയറ്റുമതി ചെയ്യുന്നതിനും കണ്ണൂര്‍ വിമാനത്താവളം ഒരു എളുപ്പമാര്‍ഗമാകും.
കുടകിന്റെ മുഖ്യവരുമാന മാര്‍ഗമായ ടൂറിസം രംഗത്തും വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടെ വന്‍ കുതിച്ചുചാട്ടം ദൃശ്യമാകും. ഇതിനകം തന്നെ വിദേശികളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ പദ്ധതികള്‍ ടൂറിസം രംഗത്ത് നടപ്പിലാക്കിതുടങ്ങിയിട്ടുണ്ട്.
കൂടാതെ കുടക് ജില്ലയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള പ്രധാന പാതകളെല്ലാം വിപുലികരിക്കാനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."