ചെറുവയല്‍ രാമന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ
കല്‍പ്പറ്റ: ദുബൈയിലെ പ്രവാസികളുടെ സഹായത്തില്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലുള്ള ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ വലിയ വ്യത്യാസമില്ല. സുഹൃത്തുക്കളുടെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് ഇടക്കിടെ ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഇളയ മകന്‍ രാജേഷ് ഇന്ന് ദുബൈയിലേക്ക് പോകും.
ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട് നിന്നുള്ള വിമാനത്തിലാണ് രാജേഷ് പോകുന്നത്. ദുബൈയിലെ പ്രവാസി മലയാളികളും കൃഷിമന്ത്രി സുനില്‍കുമാറുമാണ് രാജേഷിന്റെ യാത്രക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.
പാരമ്പര്യ നെല്‍വിത്ത് സംരംക്ഷകനായ വയനാട് കമ്മന ചെറുവയല്‍ രാമന്‍ ദുബൈയിലെ കൃഷി സ്‌നേഹികള്‍ സംഘടിപ്പിച്ച വയലും വീടും പരിപാടിയില്‍ പങ്കെടുക്കവെ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ദുബൈയിലെ റാഷിദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും ഇടക്ക് നല്ല പുരോഗതി ഉണ്ടായി. തിങ്കളാഴ്ച ഐ.സി.യുവില്‍ നിന്ന് മാറ്റുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇടക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നതിനാല്‍ ഐ.സി.യു.വിലാണിപ്പോഴും.ബന്ധുക്കള്‍ക്ക് ശബ്ദ സന്ദേശങ്ങള്‍ കൂടാതെ ചിത്രങ്ങളും വീഡിയോകളും അയക്കുന്നുണ്ട്.
വയനാട്ടിലെ ചില സുഹൃത്തുക്കള്‍ വഴിയാണ് അദ്ദേഹം ദുബൈയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്.
വയനാടന്‍ ജൈവ പൈതൃകം ലോകത്തെ അറിയിക്കാന്‍ ചെറുവയല്‍ രാമന്‍ ബ്രസീലിലും ഓഗസ്റ്റ് മാസം പോയിരുന്നു. ബ്രസീലിലെ ബലേനില്‍ നടന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസിലാണ് രാമന്‍ പങ്കെടുത്തത്. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഇടപെട്ട് സര്‍ക്കാര്‍ തലത്തിലും വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തില്‍ പ്രവാസികളും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്.
ഒരാഴ്ചയിലധികം ഇനിയും ആശുപത്രിയില്‍ കഴിയേണ്ടി വരും. ഇതിനിടെ കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ രാമന്റെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഏകദേശം 10 ലക്ഷത്തിലധികം രൂപ ചിലവായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."