തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നു
കല്‍പ്പറ്റ: പ്രളയാനന്തര അതിജീവനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.
ഓരോ വകുപ്പുകളും എന്തൊക്കെ പ്രവൃത്തി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്നു കണ്ടെത്തി ഒക്ടോബര്‍ 15നകം റിപോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, മണ്ണ്-ജലസംരക്ഷണം, കുളം നവീകരണം, ദീര്‍ഘകാല വിളകളുടെ പുനഃകൃഷി, ബണ്ട്, കയ്യാല നിര്‍മാണം എന്നീ പ്രവൃത്തികള്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
തീറ്റപ്പുല്‍കൃഷി, ആട്ടിന്‍കൂട്, കാലിത്തൊഴുത്ത് എന്നിവയുടെ പ്രവൃത്തിയും ഏറ്റെടുക്കാം. പ്രളയത്തെ തുടര്‍ന്ന് 703 കര്‍ഷകരുടെ മത്സ്യക്കുളങ്ങള്‍ നശിച്ചു.
ഇതു തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. വനത്തിനുള്ളില്‍ കൂപ്പ് പാതയടക്കം 200 കിലോമീറ്ററിലധികം റോഡുകള്‍ക്ക് നാശം സംഭവിച്ചു. വനത്തിലെ ചെക്ഡാമുകള്‍ക്കും കയ്യാലകള്‍ക്കും നാശം നേരിട്ടു. ഇതു നവീകരിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും.
വനമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ആദിവാസികളെ ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കും. ആദിവാസി ഊരുകളില്‍ തകര്‍ന്ന റോഡുകളും വീടുകളും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പുനര്‍നിര്‍മിക്കാം.
കുടുംബശ്രീ ആറ് ഇഷ്ടിക നിര്‍മാണ യൂനിറ്റ് തുടങ്ങിയിട്ടുണ്ട്. ഇതിനും മൈക്രോ എന്റര്‍പ്രൈസസ് വര്‍ക്ക് ഷെഡ്, ഔഷധ സസ്യകൃഷി, നഴ്‌സറി മേഖലകളും തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കാമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
80 കോടിയുടെ മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പാക്കേജ്, സ്‌കൂള്‍ ഗ്രൗണ്ട് നവീകരണം, ചുറ്റുമതില്‍ നിര്‍മാണം എന്നിവയിലും തൊഴില്‍ദിനങ്ങള്‍ കണ്ടെത്താനാവുമെന്നു യോഗം വിലയിരുത്തി.
പ്രളയാനന്തരം വയലുകളിലും മറ്റും അടിഞ്ഞുകൂടിയ മണല്‍ ശേഖരിക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. ഈ മണല്‍ പഞ്ചായത്ത് സൂക്ഷിച്ച് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."