ക്ഷീരമേഖലയില്‍ വിജയം കൊയ്ത് യുവകര്‍ഷകന്‍
കേണിച്ചിറ: ക്ഷീരമേഖലയില്‍ വിജയം കൊയ്ത് യുവ കര്‍ഷകന്‍. കേണിച്ചിറ അതിരാറ്റുകുന്ന് പുന്നത്താനത്ത് അഭിലാഷെന്ന 38കാരനാണ് ക്ഷീരമേഖലയില്‍ സ്വന്തം പ്രയത്‌നം കൊണ്ട് വിജയം സ്വന്തമാക്കിയത്.
അഭിലാഷിന്റെ വീടിനോട് ചേര്‍ന്ന പശുഫാമില്‍ ഇപ്പോഴുള്ളത് 30 പശുക്കളാണ്.വീട്ടില്‍ നേരത്തെയുണ്ടായിരുന്ന രണ്ട് പശുക്കളില്‍ നിന്നായിരുന്നു തുടക്കം. പ്രതിസന്ധികള്‍ ഒരുപാടുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കഠിനപ്രയത്‌നം കൊണ്ട് അതിജീവിച്ച കഥയാണ് അഭിലാഷിന് പറയാനുള്ളത്. മണപ്പുറം ഫിനാന്‍സിയേഴ്‌സിന്റെ ഡല്‍ഹി റീജണല്‍ മാനേജരായിരുന്ന കാലത്താണ് അഭിലാഷ് ആ ജോലി ഉപേക്ഷിച്ച് ക്ഷീരമേഖലയിലെത്തുന്നത്.
ഉയര്‍ന്ന വേതനവും, ജീവിത സൗകര്യങ്ങളുമെല്ലാം മെച്ചപ്പെട്ടതാണെങ്കിലും മാനസിക സംതൃപ്തി ലഭിക്കുന്നില്ലെന്ന തോന്നലിലാണ് ജോലി ഉപേക്ഷിക്കുന്നത്.
പലരും ആക്ഷേപങ്ങളുമായെത്തിയെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ല. കര്‍ണാടക, ആന്ധ്ര, ഡല്‍ഹി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മണപ്പുറം ഫിനാന്‍സിയേഴ്‌സില്‍ ജോലി ചെയ്ത ശേഷം ക്ഷീരമേഖലയിലെത്തുമ്പോള്‍ അഭിലാഷിനെ കാത്തിരുന്നത് നിരവധി പ്രതിസന്ധികളായിരുന്നു.
സാമ്പത്തിക പ്രതിസന്ധികളടക്കമുണ്ടായെങ്കിലും തളരാന്‍ അഭിലാഷ് ഒരുക്കമായിരുന്നില്ല. രണ്ട് പശുക്കളില്‍ നിന്ന് ഇപ്പോള്‍ 30-ലെത്തി നില്‍ക്കുമ്പോള്‍ അഭിലാഷിനെ തേടിയെത്തിയതാവട്ടെ നിരവധി പുരസ്‌കാരങ്ങളാണ്.
ദിനേ 220 ലിറ്റര്‍ പാല്‍ അളക്കുന്നുണ്ട്. ആത്മ വയനാടിന്റെ ജില്ലയിലെ മികച്ച യുവ ക്ഷീരകര്‍ഷകനായി അഭിലാഷ് തിരഞ്ഞെടുക്കപ്പെട്ടു.
മന്ത്രി കെ. രാജുവില്‍ നിന്നാണ് അഭിലാഷ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. പൂതാടി ഗ്രാമപഞ്ചായത്തിന് കീഴില്‍ മൃഗസംരക്ഷണ വകുപ്പ് നല്‍കിയ മികച്ച യുവ ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ്, വാകേരി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ ഏറ്റവും കൂടുതല്‍ പാല്‍ അളന്നതിനുള്ള അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ഈ യുവ കര്‍ഷകനെ തേടിയെത്തിയത്.
ക്ഷീരമേഖല ഇന്ന് നിരവധി പ്രതിസന്ധികളാണ് നേരിടുന്നതെന്ന് അഭിലാഷ് പറയുന്നു. കര്‍ഷകന് ലഭിക്കുന്ന പാലിന്റെ വിലയും, കാലിത്തീറ്റയുമാണ് അതിലൊന്ന്. അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളുടെ പാലിന് റീഡിങ് കുറയുന്നതിനാല്‍ കര്‍ഷകന് ഒരു ലിറ്ററിന് ലഭിക്കുന്നത് 30 രൂപ മാത്രമാണ്.
കാലിത്തീറ്റയുടെ ക്രമാധീതമായ വില വര്‍ധനയും ക്ഷീര കര്‍ഷകരെ ബാധിക്കുന്നുണ്ട്. പശുക്കള്‍ 30 ആയതോടെ സമീപ പ്രദേശത്ത് അഞ്ചേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പുല്‍കൃഷി നടത്തിവരുന്നുണ്ടെന്ന് അഭിലാഷ് പറയുന്നു.
പശുഫാം നടത്തുമ്പോള്‍ ഏറ്റവുമധികം പ്രയാസം നേരിടുന്നത് ജോലിക്കാരെ ലഭിക്കാനാണെന്നും അഭിലാഷ് കൂട്ടിച്ചേര്‍ക്കുന്നു.
പശുക്കളെ വാങ്ങുന്നതിനായി ക്ഷീര വികസന വകുപ്പില്‍ നിന്നും മൂന്നരലക്ഷം രൂപ ലഭിച്ചിരുന്നു. ഇതര സംസ്ഥാനത്ത് നിന്നും കൊണ്ടുവരുന്ന പശുക്കള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കാലാവസ്ഥയിലുള്ള മാറ്റമാണ് ഇതിന് കാരണം.
പാലിന്റെ അളവിലും ഗണ്യമായ കുറവുണ്ടാകും. ഇങ്ങനെ നിരവധി പശുക്കളെ വില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നാട്ടില്‍ നിന്ന് തന്നെ നല്ല പശുക്കളെ കണ്ടെത്തിയാണ് ഫാമിലെത്തിക്കുന്നത്.
പശുഫാമിനൊപ്പം അതിരാറ്റുകുന്നില്‍ സ്ഥലം പാട്ടത്തിനെടുത്ത് ചോളകൃഷിയും അഭിലാഷ് ചെയ്തുവരുന്നുണ്ട്. പൂതാടി ഗ്രാമപഞ്ചായത്ത് കാര്‍ഷികവികസന സെമിനാറിന്റെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം ചോളകൃഷിക്ക് തുക അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പശുഫാമിനൊപ്പം ചോളകൃഷിയും വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവകര്‍ഷകന്‍.
ഭാര്യ സ്റ്റിനിയയും അഭിലാഷിനൊപ്പം ഫാമിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഒന്നാംക്ലാസ് വിദ്യാര്‍ഥിയായ ആദിത്യനാണ് മകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."