ഉന്നാവോ: പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്കു മാറ്റി
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ലഖ്നൗ കിങ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരേയും ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇരുവരേയും വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്.
പെണ്‍കുട്ടി സഞ്ചരിച്ച കാറിനുനേരെ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഹരജി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പായാണ് ഇരുവരേയും ഡല്‍ഹിയിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
അതേസമയം ലഖ്നൗവില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ രാവിലെ അറിയിച്ചിരുന്നു.
പെണ്‍കുട്ടി ശബ്ദങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും കണ്ണ് തുറന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. പനിയും കുറഞ്ഞിട്ടുണ്ട്. വെന്റിലേറ്റര്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായിട്ടുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മെച്ചപ്പെട്ട ചികിത്സ നല്കാന് പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."