പരിസ്ഥിതി സൗഹൃദ പദ്ധതികളുമായി ജില്ലാ ശുചിത്വ മിഷന്‍
കൊച്ചി: സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കിയും മാലിന്യ നിര്‍മാര്‍ജനത്തിന് മുന്‍കയ്യെടുത്തും ജില്ലാ ശുചിത്വമിഷന്‍ വന്‍ മാറ്റങ്ങളാണ് ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എന്റെ ഹരിതഭവനം എന്ന പേരില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കിക്കൊണ്ടുള്ള പുതിയൊരു പദ്ധതിയും ഈ മാസം നടപ്പാക്കും.
റിപബ്‌ളിക് ദിനം, കളക്ടറുടെ താലൂക്കുതല ജനസമ്പര്‍ക്ക പരിപാടിയായ പരിഹാരം 2017 തുടങ്ങിയ പരിപാടികളിലൊക്കെ ഹരിതപെരുമാറ്റച്ചട്ടം ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കര്‍ശനമായി നടപ്പാക്കിയിരുന്നു. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനം ഈ വര്‍ഷം നടപ്പാക്കിയത്.അങ്കമാലി അതിരൂപത പൂര്‍ണപിന്തുണ നല്‍കി.
ഇതിന്റെ ഫലമായി തീര്‍ത്ഥാടനകേന്ദ്രത്തിലെ മാലിന്യം സൃഷ്ടിക്കപ്പെടുന്നത് 60 ശതമാനത്തിലധികം തടയാനായി.പ്ലാസ്റ്റിക് പോലെ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വസ്തുക്കള്‍ ഒഴിവാക്കി ജില്ലയിലെ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശുചിത്വമിഷന്‍.
എന്റെ ഹരിതഭവനം
എന്റെ ഹരിതഭവനമെന്ന പേരില്‍ പുതിയൊരു പദ്ധതി എറണാകുളം സെന്റ് തെരേസാസ് കോളജുമായി ചേര്‍ന്ന് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ശുചിത്വമിഷനും ജില്ലാ ഭരണകൂടവും ഇപ്പോള്‍. വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പരിസ്ഥിതി സൗഹൃദ ഭവനം എന്ന ആശയം പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമാക്കാനാണ് അഞ്ചിന് തുടങ്ങുന്ന പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ആയിരത്തോളം കുട്ടികള്‍ പദ്ധതിയില്‍ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് പത്ത് കല്പനകള്‍ നല്‍കുകയും അത് പിന്തുടരുന്നുണ്ടോ എന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഉറപ്പാക്കുകയും ചെയ്യും. പ്‌ളാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിക്കുക, ജൈവ ഖര മാലിന്യങ്ങള്‍ തരം തിരിക്കുക, ജൈവേതര മാലിന്യങ്ങള്‍ പുന:ചംക്രമണത്തിനായി എല്‍പിക്കുക, ജൈവ മാലിന്യം കമ്പോസ്റ്റാക്കുക, വീടുകളില്‍ ജൈവ പച്ചക്കറികൃഷി നടപ്പാക്കുക തുടങ്ങി പത്ത് കല്‍പനകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുടരേണ്ടത്.
അലുമിനിയം ഫോയില്‍, പ്‌ളാസ്റ്റിക് ഫോയില്‍ തുടങ്ങിയവ ഉപയോഗിച്ച് കടകളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ പാര്‍സല്‍ വാങ്ങാതിരിക്കാനും നിര്‍ദേശമുണ്ട്. വീടുകളിലെ ചടങ്ങുകള്‍ ഹരിതപെരുമാറ്റച്ചട്ടം പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കാനും സംവിധാനമുണ്ടാകും.
വീടുകളിലെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം കുറയ്ക്കുക, ചുറ്റുമുള്ള അഞ്ചു വീടുകളിലെങ്കിലും പരിസ്ഥിതി സൗഹൃദമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ഉത്തരവാദിത്തങ്ങളും ഇതില്‍ പങ്കാളികളാവുന്ന വിദ്യാര്‍ഥികള്‍ക്കുണ്ട്.
ജില്ലയിലെ പല ഭാഗങ്ങളിലും ശുചിത്വ ബോധവല്‍കരണ ക്ലാസുകള്‍ നടപ്പാക്കാനും ജില്ലാ ശുചിത്വമിഷന്‍ മുന്‍കൈയെടുക്കുന്നുണ്ട്. ഇവേസ്റ്റ് രഹിത കലക്ടറേറ്റ് എന്ന ലക്ഷ്യം കണ്ടുകൊണ്ട് ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് ഇവേസ്റ്റ് നിര്‍മാര്‍ജ്ജന യജ്ഞവും നടത്തുന്നുണ്ട്. ഏകദേശം 15 ടണ്‍ ഇമാലിന്യം ഇതുവരെ സമാഹരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."