സമരച്ചൂടില്‍ എസ്.എന്‍ വിദ്യാഭവന്‍: ആശങ്കയിലാകുന്നത് മൂവായിരത്തോളം വിദ്യാര്‍ഥികളുടെ പഠനം
കൈപ്പമംഗലം: തീരദേശത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന സി.ബി.എസ്.ഇ സ്‌കൂളായ ചെന്ത്രാപിന്നി എസ്.എന്‍ വിദ്യാഭവനില്‍ അധ്യാപകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്.
പിരിച്ചുവിട്ട ആറ് അധ്യാപകരെ തിരിച്ചെടുക്കുക എന്നാവശ്യപ്പെട്ടാണ് സ്‌കൂളിലെ അറുപത്തി അഞ്ചോളം അധ്യാപകര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് വലിയ രീതിയില്‍ സമരം നടക്കുന്നുണ്ട്. മാനേജ്‌മെന്റും അധ്യാപകരും നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ധാരണയില്‍ ആയെങ്കിലും സമരത്തില്‍ പങ്കെടുത്ത ആറ് പേരെയാണ് മാനേജ്‌മെന്റ് പുറത്താക്കിയത്. ഇരുപത്തിഅഞ്ചു വര്‍ഷം വരെ സര്‍വിസുള്ള അധ്യാപകരെ പറഞ്ഞുവിട്ടത് കുട്ടികള്‍ കുറഞ്ഞതിനാല്‍ ഡിവിഷന്‍ ഇല്ലാതായി എന്ന കാരണത്താലാണ്. പൊതുവിദ്യാഭ്യാസം മെച്ചപ്പെട്ടതും സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ഫീസും കുട്ടികള്‍ കുറയാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ നാല്‍പത് വര്‍ഷത്തെ മികച്ച പാരമ്പര്യമുള്ള സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അഞ്ഞൂറോളം കുട്ടികള്‍ ടി.സി വാങ്ങിപ്പോയത്. എന്നാല്‍ ഇതിന് പുറമെ മാനേജ്‌മെന്റ് ചില ഡിവിഷനുകള്‍ മനഃപൂര്‍വം ചുരുക്കുകയും ചെയ്തുവെന്ന് അധ്യാപകര്‍ ആക്ഷേപിക്കുന്നു. പിരിച്ചുവിട്ട അധ്യാപകരെ അതെ തസ്തികയില്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പകുതിയിലധികം ആധ്യാപകരും സമരത്തിനിറങ്ങിയത്. അതെ സമയം ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കാന്‍ വിടുന്ന കുട്ടികളെ ക്ലാസ് എടുക്കാന്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ അധ്യയനം തടസപ്പെടുന്നതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ പ്രിന്‌സിപ്പലിനെ ഉപരോധിച്ചു. മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം ഉയര്‍ന്ന ഫീസ് തന്നെ കുട്ടികളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ദിവസങ്ങളായി ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ക്ക് അവധി നല്‍കി ഈ ക്ലാസുകളിലെ അധ്യാപകരാണ് ഹയര്‍സെക്കന്‍ഡറി അടക്കമുള്ള മറ്റു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പ്രളയം മൂലം നിരവധി അധ്യയന ദിവസങ്ങള്‍ ഈ വര്‍ഷം നഷ്ടപ്പെട്ടതാണ്. അതിനാല്‍ തന്നെ പാഠഭാഗങ്ങള്‍ മുഴുവന്‍ എടുത്ത് തീര്‍ക്കാന്‍ സാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോളാണ് മാനേജ്‌മെന്റിന്റെ പിടിവാശിക്ക് മുന്‍പില്‍ പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത്. രാഷ്ട്രീയമായ നീക്കങ്ങളുടെയും മാനേജ്‌മെന്റിന്റെ ദുര്‍വാശിയുടെയും ഇടയില്‍ ആശങ്കയിലാകുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."