തിരമാലകള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് തീരദേശം
കൊടുങ്ങല്ലൂര്‍: മുന്നറിയിപ്പില്ലാതെ കര വിഴുങ്ങാനെത്തിയ തിരമാലകള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് തീരപ്രദേശം.
കടല്‍ക്ഷോഭത്തോടൊപ്പം ചിലയിടങ്ങളില്‍ തിരയടിയെ തുടര്‍ന്നുള്ള പ്രകമ്പനത്തില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണത് ഭീതിയുടെ ആഴം വര്‍ധിപ്പിച്ചു. ന്യൂനമര്‍ദവും കടല്‍ക്ഷോഭവും പ്രവചിച്ചിരുന്ന ദിവസങ്ങള്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നു പോയതിലുള്ള ആശ്വാസത്തിലായിരുന്നു തീരദേശവാസികളും അധികൃതരും. എല്ലാം ശാന്തമായെന്ന ധാരണ ബുധനാഴ്ച്ച പകല്‍ ആഞ്ഞടിച്ചതിരയില്‍ മണല്‍ തരി കണക്കെ ഒലിച്ചുപോയി. എന്ത് സംഭവിക്കുമെന്ന് യാതൊരു ധാരണയുമില്ലാതെ കാഴ്ച്ചക്കാരായി നില്‍ക്കേണ്ടി വന്നത് ആയിരക്കണക്കിന് കുടുംബങ്ങളാണ്.
മുനക്കല്‍ മുതല്‍ പുതിയ റോഡ് വരെയുള്ള പ്രദേശം വേലിയേറ്റത്തില്‍ മുങ്ങിയപ്പോള്‍ സുരക്ഷിത സ്ഥാനം തേടി പല കുടുംബങ്ങളും പുറപ്പെട്ടു. രാത്രി പത്ത് മണി കഴിഞ്ഞതോടെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായി. അര്‍ധരാത്രിയില്‍ പോകാനിടമില്ലാതെ പലരും കടല്‍വെള്ളത്തില്‍ നിന്ന് നേരം വെളുപ്പിച്ചു. വ്യാഴാഴ്ച്ച പകല്‍ സമയത്തും കടല്‍ ശാന്തമായിരുന്നില്ല. എപ്പോള്‍ വേണമെങ്കിലും കിടപ്പാടം കടലെടുക്കുമെന്ന ഭീതിയോടെയാണ് തീരദേശവാസികള്‍ കഴിച്ചുകൂട്ടുന്നത്. അപ്രതീക്ഷിതമായി വന്നെത്തിയ വേലിയേറ്റത്തിന്റെ കാര്യകാരണങ്ങളറിയാതെ അധികാരികള്‍ വലയുകയാണ്. കടല്‍ക്ഷോഭ ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുകയെന്നതു മാത്രമാണ് അധികൃതര്‍ക്കു മുന്നിലുള്ള മാര്‍ഗം. ഓഖിയെ തുടര്‍ന്ന് തീരത്ത് നിര്‍മിച്ച താല്‍ക്കാലിക തടയണകളെല്ലാം തന്നെ വേലിയേറ്റത്തില്‍ തരിപ്പണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."