വിവാദ കെട്ടിടം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്‌പോര്
തൊടുപുഴ: സ്ഥിരമായി റോഡപകടങ്ങള്‍ക്ക് കാരണമാകുന്ന കോലാനി- വെങ്ങല്ലൂര്‍ ബൈപാസ് റോഡിലെ മുല്ലയ്ക്കല്‍ ജങ്ഷനിലെ പഴയകെട്ടിടം പൊളിക്കുന്നതിനെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാനും ബിജെപി അംഗങ്ങളും തമ്മില്‍ വാക്‌പോര്.
കെട്ടിടം പൊളിക്കുന്നതിന് നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ബിജെപിയുടെ ബിന്ദു പത്മകുമാറാണ് രംഗത്തു വന്നത്. കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കാനും തുടര്‍നടപടി സ്വീകരിക്കാനുമുള്ള കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിനോട് കയര്‍ത്തു സംസാരിച്ച ബിന്ദു പത്മകുമാര്‍ കൗണ്‍സില്‍യോഗത്തില്‍ തീരുമാനിക്കാത്ത കാര്യങ്ങളാണ് മിനിട്‌സില്‍ രേഖപ്പെടുത്തിയതെന്നും ആക്ഷേപം ഉന്നയിച്ചു. ബിജെപി അംഗം ബാബു പരമേശ്വരനും ഇവര്‍ക്ക് സഹായവുമായെത്തി.
ഇതോടെയാണ് വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ എഴുന്നേറ്റത്. റോഡില്‍ ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നവരാണ് അപകടത്തില്‍പ്പെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു സ്വകാര്യവ്യക്തിയുടെ കൈവശമുള്ള സ്ഥലത്തെ കെട്ടിടം നഗരസഭയ്ക്ക് ഇടിച്ചു പൊളിച്ചു കളയാന്‍ കഴിയില്ലെന്നും കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുന്ന അംഗങ്ങളുടെ പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നിര്‍മാണ സമയത്ത് അലൈന്‍മെന്റ് തയാറാക്കിയപ്പോള്‍ ഇടപെടണമായിരുന്നുവെന്ന് കോണ്‍ഗ്രസിലെ പി.എ ഷാഹുല്‍ഹമീദും അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ കൗണ്‍സിലിന്റെ പ്രമേയം പൊതുമരാമത്ത് വകുപ്പിന് അയച്ചു കൊടുക്കാത്തതും ബഹളത്തിന് ഇടയാക്കി.
തീരുമാനം ഫോളോ അപ് ചെയ്യുന്നതില്‍ വാര്‍ഡുകൗണ്‍സിലര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ മറുപടി. തുടര്‍ന്ന് പ്രമേയം പൊതുമരാമത്ത് വകുപ്പ്, കലക്ടര്‍, ആര്‍ടിഒ എന്നിവര്‍ക്ക് അയയ്ക്കാനും തീരുമാനിച്ചു.
ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിത-ഭവന രഹിതര്‍ക്ക് തൊടുപുഴ നഗരസഭാപരിധിയില്‍ ഭവന സമുച്ചയം നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചു.
നഗരസഭയുടെ വിവിധ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരെ വിളിച്ചു വരുത്തി നിജസ്ഥിതി മനസിലാകാനും സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കാനും കൗണ്‍സില്‍ യോഗം സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."