കൗതുക കറന്‍സികളുടെ ശേഖരവുമായി ഷൈജു കുടിയിരിപ്പില്‍
അങ്കമാലി: ഇന്ത്യ മുഴുവന്‍ വേഗത്തില്‍ പറന്നെത്താനുള്ള ശ്രമത്തിനിടയില്‍ പുതിയ രണ്ടായിരം രൂപാ നോട്ടിന് 'ചിറകും വാലും' മുളച്ചു. പഴയ നോട്ടുമാറ്റി പുതിയ നോട്ട് വാങ്ങാനുള്ള ഇന്ത്യയിലെ സാധാരണക്കാരന്റെ കഷ്ടപ്പാടില്‍ മനം നൊന്ത് പുതിയ അഞ്ഞൂറ് രൂപാ നോട്ടില്‍ നിന്ന് രാഷ്ട്രപിതാവ് ഇറങ്ങിപ്പോയി.
അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ സീനിയര്‍ പി.ആര്‍.ഒ ഷൈജു കുടിയിരിപ്പിലിന്റെ ശേഖരത്തിലുളള അച്ചടി നിര്‍മാണ തകരാര്‍ പറ്റിയ കറന്‍സി നോട്ടുകളുടെ വിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല.
ഇന്ത്യന്‍ പാര്‍ലമെന്റിന് മുകളില്‍ ദേശീയ പതാക ഇല്ലാത്ത അന്‍പത് രൂപാ നോട്ടുമുതല്‍ നമ്പറില്ലാതെ ഇറങ്ങിയ കറന്‍സി നോട്ടുകള്‍, മറ്റൊരു നോട്ടിന്റെ ഭാഗം കൂടി ചേര്‍ന്ന് വന്ന ബട്ടര്‍ ഫ്‌ളൈ നോട്ടുകള്‍ എന്നിവയെല്ലാം ഷൈജുവിന്റെ ശേഖരത്തില്‍പെടുന്നു.
ഇന്ത്യയിലെ പ്രമുഖ ന്യുമിസ്മാറ്റിക്‌സ് സൊസൈറ്റികളിലെ അംഗത്വം, ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം എന്നിവയിലൂടെയാണ് ഷൈജു ഇത്തരം നോട്ടുകള്‍ ശേഖരിക്കുന്നത്. ഗാന്ധിജിയുടെ ചിത്രം അച്ചടിക്കാന്‍ വിട്ട് പോയ കറന്‍സികളുടെ പ്രത്യേക ശേഖരം ഷൈജുവിന്റെ പക്കലുണ്ട് പുതിയ അഞ്ഞൂറ് രൂപാ നോട്ടും ഇക്കൂട്ടത്തില്‍ പെടുന്നു.
അച്ചടി നിര്‍മാണ പിഴവ് മൂലം മറ്റൊരു നോട്ടിന്റെ ഭാഗം കൂടി ചേര്‍ന്ന് വന്ന പുതിയ രണ്ടായിരം രൂപാ നോട്ടും ഷൈജുവിന്റെ ശേഖരത്തിലുണ്ട്.
20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേന്ദ്രസര്‍ക്കാര്‍ പുതിയ ഒറ്റ രൂപാ നോട്ട് പുറത്തിറക്കിയപ്പോള്‍ അതിലും അച്ചടിത്തെറ്റ് പറ്റിയവ ഷൈജു ശേഖരിച്ചിരുന്നു. കര്‍ശനമായ പരിശോധനകള്‍ക്കൊടുവിലാണ് റിസര്‍വ്വ് ബാങ്ക് നോട്ടുകള്‍ പുറത്തു വിടുന്നത്. ഈ ഘട്ടത്തില്‍ തെറ്റ് പറ്റിയവ കണ്ടെത്തിയാല്‍ അത് നശിപ്പിച്ച് പകരം നമ്പറിനൊപ്പം നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ റിസര്‍വ്വ്ബാങ്ക് പുറത്തിറക്കാറുണ്ട്. നിരവധി കറന്‍സി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഷൈജു ഇന്ത്യയിലെ അറിയപ്പെടുന്ന ന്യുമിസ്മാറ്റിസ്റ്റ് ആണ്. പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് വന്ന ഷൈജു കഴിഞ്ഞ 22 വര്‍ഷമായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ മീഡിയ റിലേഷന്‍സിന്റെ ചുമതല വഹിക്കുന്ന സീനിയര്‍ പി.ആര്‍.ഒ. ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."