പ്രക്ഷോഭം ശക്തമാക്കുമെന്ന് അരിപ്പ ഭൂസമര സമിതി
തിരുവനന്തപുരം: അരിപ്പ ഭൂസമര സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വരുന്ന ധര്‍ണ 600 ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി ഇന്നലെ ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രകടനം നടത്തി.
എസ്.സി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡയറക്ടര്‍ സി.സി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. അരിപ്പ ഭൂസമര നേതാവ് ഓമന കാളകെട്ടി അധ്യക്ഷയായി. എ.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ് വെള്ളാര്‍ അഷ്ടപാലന്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നീലക്കുയില്‍, കരകുളം സത്യകുമാര്‍, എം. ഗോപകുമാര്‍, പി. കമലാസനന്, വെങ്ങാനൂര്‍ അശോകന്, ശ്രീമതി, സന്തോഷ്കുമാര്‍, രാജന്, സതി എസ്. മോഹന്‍, സതി മോഹന്‍ദാസ്, വിഴിഞ്ഞം രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും ഭൂമി കൈയേറുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സമരക്കാര്‍ പറഞ്ഞു.
അരിപ്പ ഭൂസമരത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ തുടങ്ങിയത്. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും മിച്ച ഭൂമിയും കൈയേറ്റ ഭൂമിയും ഭൂരഹിതര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണം ചെയ്യുക, ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."