ബാബരി കേസില്‍ വാദം തുടങ്ങി: രാമജന്‍മസ്ഥാനം തങ്ങളുടേത് മാത്രമെന്ന് നിര്‍മോഹി അഖാറ, നിസ്‌കാരമോ പ്രാര്‍ഥനയോ നടക്കാത്ത സ്ഥലം പളളിയായി കണക്കാക്കാന്‍ ആവില്ലെന്നും വാദം
ന്യൂഡല്‍ഹി: ബാബരി ഭൂമിയിലെ രാമവിഗ്രഹം സ്ഥാപിച്ച അകത്തളം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കേസിലെ കക്ഷികളിലൊരാളായ നിര്‍മോഹി അഖാറ. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചില്‍ ഇന്നലെ തുടങ്ങിയ വാദത്തിലാണ് നിര്‍മോഹി അഖാറ ഈ വാദം ഉന്നയിച്ചത്.
ഈ സ്ഥലം റിസീവര്‍ ഭരണത്തില്‍ നിന്ന് മാറ്റി തങ്ങള്‍ക്ക് വിട്ടുതരണം. 1934 മുതല്‍ മുസ്്‌ലിംകളെ അവിടേക്ക് പ്രവേശിപ്പിച്ചിട്ടില്ല, നമസ്‌കാരമോ പ്രാര്‍ത്ഥനയോ നടക്കാത്ത സ്ഥലത്തെ പളളിയായി കണക്കാക്കാന്‍ ആവില്ല. അതിനാല്‍ തങ്ങള്‍ക്ക് മാത്രമാണ് അവിടെ ഉടമസ്ഥാവകാശമുള്ളതെന്നും അഖാറ പറഞ്ഞു. കേസിലെ മൂന്ന് കക്ഷികളിലൊന്നായ നിര്‍മോഹി അഖാറയുടെ വാദം മാത്രമാണ് ഇന്നലെ നടന്നത്.
100 വര്‍ഷമായി പള്ളി നില്‍ക്കുന്ന സ്ഥലത്തിന്റെ അകത്തളം തങ്ങളുടെ കൈവശമാണെന്ന അഖാറയുടെ അഭിഭാഷകന്‍ സുശീല്‍ കുമാര്‍ ജയ്ന്‍ വാദിച്ചു. രാമജന്‍മഭൂമിയെന്ന അവകാശപ്പെടുന്ന സ്ഥലത്തിന്റെ ഒരേ ഒരു അവകാശി തങ്ങളാണ്. പുറത്തെ മുറ്റത്തിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. സീതയുടെ അടുക്കള, ഛാബൂത്ര, ബന്ദര്‍ ഗ്രഹ് തുടങ്ങിയവയാണ് അവിടെയുള്ളത്. ഇതെല്ലാം പണ്ടുമുതല്‍ തന്നെ തങ്ങളുടെ കൈവശത്തിലുള്ളതാണ്. അകത്തളത്തിന്റെ അവകാശത്തിന് വേണ്ടി മാത്രമാണ് തങ്ങള്‍ കേസിലേര്‍പ്പെട്ടത്. രാമന്റെ ജന്‍മസ്ഥലം നിരവധി ക്ഷേത്രങ്ങളുടെ കൈവശാധികാരികളായ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജയ്ന്‍ വാദിച്ചു. എന്താണ് ഈ അവകാശവാദത്തിന്റെ അടിസ്ഥാനമെന്നും കൈവശാധികാരമാണോ ഉടമസ്ഥാധികാരമാണോ നിങ്ങള്‍ അവകാശപ്പെടുന്നതെന്നും അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളിലൊരാളായ ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു.
കൈവശത്തിനും നടത്തിപ്പിനുമുള്ള അധികാരമാണ് തങ്ങള്‍ക്ക് വേണ്ടതെന്നായിരുന്നു ജയ്‌നിന്റെ മറുപടി. തുടര്‍ന്ന് ക്ഷേത്രം തകര്‍ത്താണ് ബാബരി പള്ളി നിര്‍മിച്ചതെന്ന് ജയ്ന്‍ വാദിച്ചു. എന്നാല്‍, ക്ഷേത്രമോ, പ്രതിഷ്ഠയോ ഉണ്ടായിരുന്നതിന് തെളിവില്ല എന്നാണല്ലോ വിധിയില്‍ പറയുന്നതെന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു. താങ്കള്‍ എഴുതി നല്‍കിയ വാദങ്ങളില്‍ ഇനിയുള്ളത് പ്രധാനപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇനിയുള്ളതൊന്നും പ്രധാനപ്പെട്ടതല്ലെന്നാണോ പറയുന്നതെന്ന് ഈ ഘട്ടത്തില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ചോദിച്ചു.
നിങ്ങള്‍ക്ക് വാദിക്കാന്‍ സമയം ലഭിക്കുമെന്നും അതില്‍ സംശയിക്കേണ്ടെന്നുമായിരുന്നു രാജീവ് ധവാനോട് ചീഫ് ജസ്റ്റിസിന്റെ മറുപടി.
വാദം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോടതി നടപടികള്‍ ലൈവ് ടെലകാസ്റ്റ് ചെയ്യണമെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യയുടെ ഹരജി കോടതി തള്ളി. വാദം ഇന്നും തുടരും. ജസ്റ്റിസുമാരായ എസ്.എ ബോബ്്‌ദെ, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ബാബരി ഭൂമി മൂന്നായി പകുത്തുള്ള അലഹബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിധിയ്‌ക്കെതിരായ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."