സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പറത്തി സ്‌കൂളുകളില്‍ പുസ്തക ചന്ത
ആലപ്പുഴ: സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി വിദ്യാലയങ്ങളില്‍ പുസ്തകം വിറ്റു കൊള്ള നടത്തുന്നു.
ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്യുമ്പോഴാണ് അനുബന്ധ പുസ്തകങ്ങള്‍ വിറ്റ് സ്‌കൂളുകള്‍ കൊള്ള നടത്തിയത്. ഒന്നുമുതല്‍ നാലുവരെയുള്ള ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് 2500 രൂപയും മലയാളം മീഡിയത്തിലേക്ക് 1800 രൂപയുമാണ് ചില സ്‌കൂളുകള്‍ രക്ഷകര്‍ത്താക്കളില്‍നിന്നും ഈടാക്കിയത്.
സൗജന്യമായി നല്‍കേണ്ട പുസ്തകങ്ങള്‍ക്കൊപ്പം അനുബന്ധ പുസ്തകങ്ങളെന്ന നിലയിലാണ് ഇതര പുസ്തകങ്ങള്‍ നല്‍കി രക്ഷകര്‍ത്താക്കളില്‍നിന്നും പണം ഈടാക്കുന്നത്. ഇതിന് സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് അകമഴിഞ്ഞ സേവനം നല്‍കി വകുപ്പ് മേധാവികള്‍ ഒത്തുകളിച്ചെന്നും ആക്ഷേപം ഉയരുന്നുണ്ട്.
സര്‍ക്കാര്‍ വ്യക്തമായി പാഠ്യവിഷയങ്ങള്‍ തയാറാക്കിയിട്ടുണ്ടെങ്കിലും ഇത് അട്ടിമറിച്ചാണ് പാഠ്യേതര വിഷയങ്ങളുടെ പുസ്തകങ്ങള്‍ സ്‌കൂളുകള്‍ വിറ്റഴിച്ചത്. ഇത് സര്‍ക്കാര്‍ തയാറാക്കി സിലബസിനെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
ഇതിനുപുറമെ വിവിധ ഇനം ഫീസുകളുടെ പേരിലും പണം തട്ടിയിട്ടുണ്ട്. പട്ടണത്തിലെ ചില സ്‌കൂളുകളില്‍ വാട്ടര്‍ ബോട്ടില്‍ മുതല്‍ പെന്‍സില്‍ വരെ വിറ്റ് കാശുണ്ടാക്കി.
പുറമെനിന്നും ആയിരം രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങള്‍ 1500 രൂപയ്ക്ക് വിറ്റാണ് സ്‌കൂള്‍ അധികൃതര്‍ ചന്ത കൊഴുപ്പിച്ചത്. യൂനിഫോം കച്ചവടത്തിലാണ് സ്‌കൂളുകള്‍ ലാഭകൊയ്ത്ത് നടത്തിയത്. സ്വന്തമായി യൂനിഫോം കച്ചവടം ചെയ്ത സ്‌കൂളുകളുമുണ്ട്.
കച്ചവടം നടത്താന്‍ കഴിയാത്ത സ്‌കൂളുകള്‍ പട്ടണത്തിലെ വിവിധ ടെക്സ്റ്റയില്‍ ഷോപ്പുകളുമായി ധാരണയിലായി രക്ഷകര്‍ത്താക്കളെ അവിടേയ്ക്ക് പറഞ്ഞുവിടുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ചില സ്‌കൂളുകളില്‍ പഴയ പുസ്തകങ്ങള്‍ പഠിക്കാന്‍ പാടില്ലെന്ന നിര്‍ദേശവും ഉണ്ടായി. പകരം സ്‌കൂളിന്റെ സ്റ്റോറില്‍നിന്നും പുതിയ പുസ്തകം വാങ്ങാന്‍ നിര്‍ദേശവും ഉണ്ട്. അതേസമയം പണം അടച്ച് പുസ്‌കങ്ങള്‍ വാങ്ങാന്‍ കഴിയാതെ സ്‌കൂള്‍ പ്രവേശനം വരെ കാത്തിരുന്ന രക്ഷകര്‍ത്താക്കളുമുണ്ട്. സ്‌കൂള്‍ വിപണി വന്‍ പ്രതീക്ഷയോടെ കണ്ടിരുന്ന കച്ചവടക്കാര്‍ക്കും സ്‌കൂളുകളിലെ ചന്ത വന്‍ തിരച്ചടിയായി.
എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്കും ഡി.ഡി മുതല്‍ എ.ഇ.ഒവരെയുള്ളവരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പേ ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ അറിഞ്ഞിരുന്നെങ്കിലും പരിശോധന നടത്താനോ രക്ഷകര്‍ത്താക്കളെ സ്‌കൂളുകള്‍ക്കുനേരെ നടപടിയെടുക്കാനോ തയാറായില്ല.
പരാതികള്‍ നല്‍കിയിട്ടും നടപടി കൈക്കൊള്ളാത്തതില്‍ രക്ഷകര്‍ത്താക്കളില്‍ ചിലര്‍ സംഘടിച്ച് വകുപ്പ് മന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."