പ്രമാണം കണ്ടെടുത്തു; മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍ കെ.എസ്.എഫ്.ഇയില്‍ ഈടായി നല്‍കിയ പ്രമാണം കിട്ടിയില്ലെന്ന് പറഞ്ഞ സംഭവം
കോവളം: നറുക്ക് വീണ ചിട്ടിപ്പണം കൈപ്പറ്റുന്നതിന് ഈടായി നല്‍കിയ പ്രമാണം കിട്ടിയില്ലെന്ന കെ.എസ്.എഫ്.ഇ കോവളം ശാഖാ മാനേജരുടെ വാദം പൊളിഞ്ഞു. പ്രമാണം അവിടെ നിന്നു തന്നെ കണ്ടെടുത്തു. തുടര്‍ന്ന് മാനേജരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡുചെയ്തു.
ആഴാകുളം തൊഴിച്ചല്‍ അഖിലാഭവനില്‍ പുരുഷോത്തമന്റെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാവിലെ പത്ത് മണിയോടെ കെ.എസ്.എഫ്.ഇ റീജിയണല്‍ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ ലോക്കറില്‍ നിന്നാണ് പ്രമാണം കണ്ടെടുത്തത്. തുടര്‍ന്ന് മാനേജര്‍ രാജേഷിനെ സസ്‌പെന്‍ഡു ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ 29നാണ് പുരുഷോത്തമന്‍ ഒറിജിനല്‍ പ്രമാണവും രണ്ട് പകര്‍പ്പും അനുബന്ധ രേഖകളും മാനേജര്‍ക്ക് കൈമാറിയത്. രേഖകളുടെ വെരിഫിക്കേഷന്‍ ഫീസായ 1500 രൂപയും അടയ്ക്കാനാവശ്യപ്പെട്ടതനുസരിച്ച് ബുധനാഴ്ച തുക അടച്ച രസീതുമായി മാനേജരെ കണ്ടപ്പോഴാണ് ഒറിജിനല്‍ പ്രമാണം ലഭിച്ചില്ലെന്ന് മാനേജര്‍ നിലപാടെടുത്തത്.
പ്രമാണമടക്കമുള്ള മുഴുവന്‍ രേഖകളും കൈമാറിയതാണെന്നും അവ രണ്ട് കവറുകളിലാക്കി മാനേജരുടെ കാബിനിലെ സേഫില്‍ വെച്ചതാണെന്ന് പലപ്രാവശ്യം പറഞ്ഞിട്ടും പരിശോധിച്ചു നോക്കാന്‍ പോലും മാനേജര്‍ തയാറായില്ല. തുടര്‍ന്ന് പുരുഷോത്തമനും കുടുംബവും ഓഫിസില്‍ കുത്തിയിരുപ്പ് സമരം നടത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോവളം പൊലിസ് കെ.എസ്.എഫ്. ഇ റീജീയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംഭവത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ഇതനുസരിച്ചാണ് ഇന്നലെ അസി. ജനറല്‍ മാനേജര്‍ പ്രശാന്ത്കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ അരുണ്‍ബോസ്, അസിസ്റ്റന്റ് രാജീവ് നാഥ് എന്നിവര്‍ ബ്രാഞ്ചാഫീസിലെത്തി പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."