സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തൃശൂരിന്റെ കുതിപ്പ്
തിരുവനന്തപുരം: പുതിയ ദൂരവും ഉയരവും വേഗവുംതേടി കൗമാര കായിക കരുത്ത് പോരാട്ടാത്തിനിറങ്ങിയ 62ാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ തൃശൂര്‍ ജില്ലയുടെ കുതിപ്പ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ 31 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ട്രയാത്‌ലണില്‍ കോഴിക്കോടിന്റെ നന്ദന 1523 പോയിന്റുമായി പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. 2015 ല്‍ മലപ്പുറത്തിന്റെ പി.എസ് പ്രഭാവതി സ്ഥാപിച്ച 1485 പോയിന്റാണ് നന്ദന മറികടന്നത്. അണ്ടര്‍ 18 യൂത്ത് പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ 5.89 മീറ്റര്‍ ദൂരം ചാടി സ്വന്തം റെക്കോര്‍ഡ് തിരുത്തി. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 5.86 മീറ്റര്‍ ദൂരമാണ് ആന്‍സി വീണ്ടും മറികടന്നത്. അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ ഷോട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു 13.32 മീറ്റര്‍ ദൂരം കീഴടക്കി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2009ല്‍ ആലപ്പുഴയുടെ ജെ. ശരണ്യ സ്ഥാപിച്ച 12.74 മീറ്ററാണ് ഒന്‍പത് വര്‍ഷത്തിന് ശേഷം മേഘയുടെ കൈക്കരുത്തിന് മുന്നില്‍ വഴിമാറിയത്. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ ആലപ്പുഴയുടെ രാജ്കുമാര്‍ 14.25 മീറ്റര്‍ ദൂരത്തേക്ക് ഷോട് പായിച്ചു പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.
2009ല്‍ പാലക്കാടിന്റെ നിഖില്‍ നിഥിന്‍ എറിഞ്ഞു നേടിയ 13.22 മീറ്ററാണ് ഒന്‍പത് വര്‍ഷത്തിന് ശേഷം രാജ്കുമാറിന്റെ കൈക്കരുത്തിന് മുന്നില്‍ വഴിമാറിയത്. അണ്ടര്‍ 18 യൂത്ത് ആണ്‍കുട്ടികളുടെ 100 മീറ്ററിലും ട്രാക്കില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. തിരുവനന്തപുരത്തിന്റെ സി. അഭിനവ് 10.77 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്പ്രിന്റ് ട്രാക്കില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2009ല്‍ എറണാകുളത്തിന്റെ സുജിത്കുട്ടന്‍ സ്ഥാപിച്ച 10.89 സെക്കന്റാണ് അഭിനവിന്റെ വേഗത്തിന് മുന്നില്‍ വഴിമാറിയത്.
10.84 സെക്കന്റില്‍ ഫിനിഷ് ചെയ്തു തിരുവനന്തപുരത്തിന്റെ തന്നെ കെ. ബിജിതും മീറ്റ് റെക്കോര്‍ഡ് പ്രകടനം നടത്തി. ഓവറോള്‍ ചാംപ്യന്‍പട്ടത്തിനുള്ള പോരില്‍ തൃശൂര്‍ ഒന്‍പത് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും നേടി 125 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 10 സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടി 114 പോയിന്റുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും ഒന്‍പത് വെങ്കലവും നേടിയ പാലക്കാട് 108 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഒരു സ്വര്‍ണണവും ഒന്‍പത് വെള്ളിയും എട്ട് വെങ്കലവുമായി 105 പോയിന്റുള്ള എറണാകുളമാണ് നാലാം സ്ഥാനത്ത്. അതിവേഗതയുടെ ഗ്ലാമര്‍ പോരായ 100 മീറ്ററില്‍ സി. അനുഗ്രഹ (അണ്ടര്‍ 14 പെണ്‍. കണ്ണൂര്‍, 13.39), അലീന വര്‍ഗീസ് (അണ്ടര്‍ 16 പെണ്‍, കോട്ടയം, 12.66 സെക്കന്റ്), അപര്‍ണ റോയി (അണ്ടര്‍ 18 യുത്ത് പെണ്‍, കോഴിക്കോട്, 12.36 സെക്കന്റ്), മൃദുല മരിയ ബാബു (അണ്ടര്‍ 20 യൂത്ത് വനിത, തിരുവനന്തപുരം, 12.37 സെക്കന്റ്), എം. രജില്‍കൃഷ്ണ (അണ്ടര്‍ 14 ആണ്‍, പാലക്കാട്, 11.85 സെക്കന്റ് ), ആദിത്യ കുമാര്‍ സിങ് ( അണ്ടര്‍ 16 ആണ്‍, തിരുവനന്തപുരം, 11.41 സെക്കന്റ് ), നിബിന്‍ ബൈജു (അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍, തൃശൂര്‍, 10.77 സെക്കന്റ് ) എന്നിവര്‍ സ്വര്‍ണം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."