അസി. സെക്രട്ടറിക്കെതിരേ പകപോക്കല്‍ നടപടി: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
വടകര : ചോറോട് സര്‍വിസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയെ തരംതാഴ്ത്തിയ നടപടി അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ബാങ്കില്‍ നീതി സ്‌റ്റോര്‍ നടത്തിപ്പിലും സ്വര്‍ണം പണ്ടങ്ങള്‍ ലേലം ചെയ്തതില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പും പടക്ക വില്‍പനയിലെ തിരിമറിയിലും അനാവശ്യമായി ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതും ഉള്‍പടെയുള്ള അഴിമതി ആരോപണങ്ങളുടെ പേരില്‍ മുന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ പേരില്‍ കേസെടുത്തതിലുള്ള വൈരാഗ്യം തീര്‍ക്കാനുമാണ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന എന്‍.കെ ബാബുവിനെതിരായി നടപടിയെടുത്തിരിക്കുന്നത്. തികച്ചും അന്യായമായ തരംതാഴ്ത്തല്‍ നടപടി പിന്‍വലിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് അഴിമതി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും സെക്രട്ടറി ഉള്‍പ്പടെയുള്ള 4 ജീവനക്കാര്‍ക്കെതിരെ ഭരണസമിതി നടപടിയെടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് ഭരണം പിരിച്ചുവിട്ട് അഡിമിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ഭരണചുമതല ഏല്‍പ്പിച്ചിരുന്നു.
വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്ന് പിന്നീട് ഭരണം ഏറ്റെടുത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ബാങ്കിലെ ജീവനക്കാരായ 4 പ്രതികള്‍ക്കെതിരെ വടകര കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
സി.പി.ഐ.എം ഏരിയാ നേതാക്കള്‍ ഉള്‍പ്പെട്ട ഈ അഴിമതിയില്‍ പ്രത്യക്ഷത്തില്‍ തന്നെ പാര്‍ട്ടിക്ക് ബന്ധം ഉണ്ടായിരുന്നത് കൊണ്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പഴയ ഭരണസമിതി തയാറാകാതിരുന്നതെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
മുന്‍ സെക്രട്ടറിക്കെതിരേ നടപടിയെടുത്തപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന എന്‍.കെ ബാബു സെക്രട്ടറിയായി ചുമതലയേറ്റു.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നിമയപരമായ തീരുമാനമാണ് സെക്രട്ടറി ചുമതലയുള്ള ആളെന്ന നിലയില്‍ ബാബു നടപ്പിലാക്കിയത്. ഇതിനാല്‍ തന്നെ ഇദ്ദേഹം സെക്രട്ടറിയായി തുടര്‍ന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കുവാന്‍ കഴിയുകയില്ല എന്ന ബോധ്യമുള്ളതിനാലാണ് പാര്‍ട്ടി കമ്മിറ്റി ആലോചിച്ച് അകാരണമായി ബാബുവിനെ തരംതാഴ്ത്തി പാര്‍ട്ടിയോട് വിധേയത്വമുള്ള ജൂനിയറായ ഒരാളെ സെക്രട്ടറിയായി അവരോധിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
അന്യായമായ നടപടികള്‍ പിന്‍വലിക്കാത്ത പക്ഷം വന്‍ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എന്‍. വേണു(ആര്‍.എം.പി), കെ.പി കരുണന്‍(കോണ്‍ഗ്രസ്), ഹാഷിം കാളംകുളത്ത്(മുസ്‌ലിം ലീഗ്), കെ. രവീന്ദ്രന്‍(ജനതാദള്‍ യു) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."