അമേരിക്കയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം പ്രതിയെ അറസ്റ്റ് ചെയ്യാതെ സി.ബി.ഐ ഒളിച്ചുകളിക്കുന്നെന്ന് മാതാപിതാക്കള്‍
കൊച്ചി: ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ പാലക്കാട് സ്വദേശിയായ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാതെ സി.ബി.ഐ ഒളിച്ചുകളിക്കുന്നെന്ന ആരോപണവുമായി വൃദ്ധ മാതാപിതാക്കള്‍ രംഗത്ത്. പാലക്കാട് കാവില്‍പ്പാട് കെ. ഗോപിനാഥ്-ഭദ്രാ ഗോപിനാഥ് എന്നിവരാണ് മകള്‍ അനിതയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. മകളുടെ മരണത്തിനു കാരണക്കാരനായ പാലക്കാട് സ്വദേശിയും അനിതയുടെ ഭര്‍ത്താവുമായ സന്തോഷിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ തയാറാകുന്നില്ലെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2000 ഓഗസ്റ്റ് മൂന്നിനായിരുന്നു അനിതയും അരേിക്കയില്‍ എന്‍ജിനീയറായ സന്തോഷുമായുള്ള വിവാഹം. വിവാഹത്തിനു ശേഷം അനിത സന്തോഷിനൊപ്പം അമേരിക്കയിലേക്കു പോയി. അവിടെവച്ച് ബിരുദാനന്തര ബിരുദക്കാരിയായ അനിത ഉന്നത വിദ്യാഭ്യാസത്തിനു ചേരുകയും ചെയ്തിരുന്നു. അതിനിടെ 2004 ഓഗസ്റ്റ് 10ന് കാലിഫോര്‍ണിയയിലെ വീട്ടില്‍വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അനിതയ്ക്ക് പൊള്ളലേറ്റെന്ന് സന്തോഷ് വിളിച്ചറിയിക്കുന്നത്. നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടെ പൊള്ളലേറ്റെന്നാണ് സന്തോഷ് വിളിച്ചു പറഞ്ഞത്. ഇതേതുടര്‍ന്ന് ഗോപിനാഥും ഭാര്യയും അമേരിക്കയിലേക്കു പോയി. അവിടെയെത്തി ഒരു മാസമാകുന്നതിനിടെ സെപ്റ്റംബര്‍ മൂന്നിന് അനിത മരിച്ചു. സന്തോഷിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് മൃതദേഹം അമേരിക്കയില്‍ സംസ്‌കരിച്ചു.
തുടര്‍ന്ന് നാട്ടിലെത്തി പാലക്കാട് ഹേമാംബിക പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2007 ജൂണ്‍ 19ന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി കേസ് 2009 ഏപ്രില്‍ രണ്ടിന് സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിട്ടു. 2010 ജൂണ്‍ 25 ന് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. എന്നാല്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വിശദമായി അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ഈ അന്വേഷണത്തില്‍ സന്തോഷിനെതിരേ നിരവധി തെളിവുകള്‍ കിട്ടിയിട്ടും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ തയാറായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
തെളിവുകള്‍ പരിശോധിച്ച കോടതി പ്രതിയെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ 2018 ജൂലൈ 30ന് ഉത്തരവിട്ടു. എന്നാല്‍ അതുണ്ടായില്ല. ഹൈക്കോടതി ഉത്തരവിനെതിരേ സന്തോഷിന്റെ മാതാപിതാക്കള്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നതില്‍ യാതൊരു കാരണവുമില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രിം കോടതി കേസ് തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഈ വൃദ്ധ ദമ്പതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."