കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്: എസ്.വൈ.എസ്
കോഴിക്കോട്: സമഗ്രവും സമ്പൂര്‍ണവുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തി കശ്മിരികളെ വിശ്വാസത്തിലെടുത്ത് പരിഹാരം ഉണ്ടാക്കേണ്ട വിഷയങ്ങള്‍ അധികാര ദണ്ഡ് ഉപയോഗിച്ച് പരിഹരിക്കാനുള്ള നീക്കം പരിഷ്‌കൃത ഭരണകൂടത്തിന് ചേര്‍ന്നതല്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. മിഡില്‍ ഈസ്റ്റിലെ കണ്ണുനീരായ ഫലസ്തീന്‍ പോലെ ഇന്ത്യയില്‍ ഒരു കശ്മിര്‍ നിര്‍മിച്ചു നിലനിര്‍ത്താന്‍ ഫാസിസ്റ്റ് ശക്തികള്‍ കാലങ്ങളായി ആഗ്രഹിച്ചു വരികയാണ്.
കശ്മിരിന് പ്രത്യേക അവകാശം നല്‍കുന്ന 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നത് വഴി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. നാഗാലാന്‍ഡ്, സിക്കിം, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും ചില പ്രത്യേക അവകാശ അധികാരങ്ങള്‍ ഉണ്ട്. അതൊക്കെ രാഷ്ട്ര സുരക്ഷിതത്വവും വികസനവും ലക്ഷ്യമാക്കി ഏര്‍പ്പെടുത്തിയതാണ്.
കശ്മിര്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ വേട്ടയാടല്‍ നയം ഫാസിസ്റ്റുകള്‍ സ്വീകരിക്കുകയാണ് എന്ന് വേണം കരുതാന്‍. ലോക വേദികളില്‍ ഇന്ത്യയുടെ ശബ്ദം ദുര്‍ബലപ്പെടുത്താനും പ്രതിച്ഛായ തകര്‍ക്കുവാനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകൂ.
ശത്രുവിന് ആയുധം നല്‍കുന്ന നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ഒരു ജനസമൂഹത്തോടുള്ള ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്നും ഭരണഘടനയെ മാനിക്കുന്നതും ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുമായ നയം കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."