സ്കൂള്‍ വാന്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു
കായംകുളം: സ്കൂട്ടറില്‍ സ്കൂള്‍ വാന്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടു പേര് മരിച്ചു. കൃഷ്ണപുരം കാപ്പില്‍ പുത്തേഴത്ത് രാജു(55), പുള്ളിക്കണക്ക് പെരളശ്ശേരില്‍ കരിങ്ങാട്ടുശേരില് ബിജു(38) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ കൊറ്റുകുളങ്ങര റെയിന്‍ബോ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ 8.45ഓടെയായിരുന്നു അപകടം.
ടൈല്‍സ് ജോലിക്കാരായ ഇരുവരും കരുവാറ്റയിലുള്ള ജോലി സ്ഥലത്തേക്കു പോകുമ്പോഴായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് എതിരേ വന്ന സ്കൂള്‍ വാനിന് മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയ രാജു തല്‍ക്ഷണം മരിച്ചു. ബിജുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരു വാഹനങ്ങളും അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കരീലക്കുളങ്ങരയില്‍ നിന്നും കുട്ടികളെ കയറ്റി വന്ന സ്വകാര്യ വാന്‍ കാറിനെ മറികടന്ന് പോകുമ്പോഴായിരുന്നു അപകടം. ബിജുവിന്റെ സംസ്കാരം ഇന്നു കാലത്ത് 11നും രാജുവിന്റെ സംസ്കാരം വൈകിട്ട് മൂന്നിനും നടക്കും. മിനികുമാരിയാണ് രാജുവിന്റെ ഭാര്യ. മക്കള്‍: സ്വാതി രാജു, സോന രാജു. ബിജുവിന്റെ ഭാര്യ ലതിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."