വന്മതില് കടക്കാന്‍ ഇന്ത്യ
സുഷോവ്: 21 വര്‍ഷത്തിന് ശേഷം ചൈനീസ് മണ്ണില്‍ ജയംമോഹിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. എന്തുവന്നാലും ഇന്ന് ജയിക്കണമെന്ന ഉദ്ദേശ്യത്തിലാണ് നീലപ്പട ചൈനയിലെത്തിയത്. സൗഹൃദ മത്സരത്തിനാണ് ഇന്ത്യ അയല്രാജ്യത്തെത്തിയിട്ടുള്ളതെങ്കിലും ഇന്ത്യക്കിത് ചരിത്ര മത്സരമാണ്. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാകപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യ- ചൈന മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. എവേ ജയം സ്വന്തമാക്കി റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കാനും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഒരുങ്ങിയാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ മികച്ചു നിന്നാലെ ഇന്നത്തെ മത്സരത്തില്‍ ജയം സ്വന്തമാക്കാന്‍ കഴിയൂ എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞു. ചൈനക്കെതിരേ പ്രതിരോധത്തില്‍ വന്മതില് തീര്‍ത്ത് അവസരം കിട്ടുമ്പോള്‍ കൗണ്ടര്‍ അറ്റാക്കിന് ശ്രമിക്കുമെന്ന തന്ത്രമായിരിക്കും പ്രയോഗിക്കുകയെന്നും ഛേത്രി കൂട്ടിച്ചേര്‍ത്തു. സന്ദേഷ് ജിങ്കനും അനസ് എടത്തൊടികയും ചേരുന്ന പ്രതിരോധം ഇന്ത്യക്ക് മികച്ച പ്രതീക്ഷ നല്‍കുന്നുണ്ട്.
അതേസമയം, ചൈനക്കെതിരേ ജയിക്കുക എളുപ്പമുള്ള കാര്യമല്ലെന്ന് അനസ് എടത്തൊടിക പ്രതികരിച്ചു. പ്രതിരോധത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനം നടത്തിയാലേ ജയിക്കാനാകൂ എന്നും അനസ് പറഞ്ഞു. കഴിഞ്ഞ 13 മത്സരങ്ങള്‍ അപരാജിതരായി കുതിക്കുന്ന ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണെന്നും ഇന്നത്തെ മത്സരം ജയിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്നും അനസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരേ ചൈന 17 തവണ കളിച്ചപ്പോഴും 12 തവണ ചൈനക്കായിരുന്നു ജയം. അനസ് എടത്തൊടിക, ആശിഖ് കുരുണിയന് എന്നീ മലയാളിതാരങ്ങള്‍ ടീമിലുള്പ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ ആരൊക്കെ സ്ഥാനം നേടും എന്ന് ഇന്ന് മാത്രമേ അറിയാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."