മണപ്പുറത്തെ പൊലിസ് എയ്ഡ് പോസ്റ്റ് ശനിയാഴ്ച തുറക്കും
ആലുവ: മണപ്പുറത്തേക്കുള്ള നടപ്പാലവുമായി വിവാദങ്ങള്‍ അവസാനിക്കുന്നു. മാസങ്ങളായി അനിശ്ചിതത്ത്വത്തിലായിരുന്ന മണപ്പുറത്തെ പൊലിസ് എയ്ഡ് പോസ്റ്റ് തുറക്കാന്‍ തീരുമാനമായാതോടെയാണ് പാലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമായത്. അന്‍വര്‍ സാദത്ത് എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, റൂറല്‍ എസ്.പി പി.എന്‍ ഉണ്ണിരാജ, സി.ഐ വിശാല്‍ ജോണ്സണ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് എയ്ഡ്പോസ്റ്റ് തുറക്കാന്‍ ധാരണയായത്.
മണപ്പുറത്തെ ദേവസ്വം അഡ്മിനിസ്ട്രേഷന് ഓഫിസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പത്ത് ലക്ഷത്തോളം രൂപ മുടക്കി എയ്ഡ്പോസ്റ്റിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മുകളില്‍ എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് താഴെ സൗകര്യമൊരുക്കാമെന്ന് ദേവസ്വം ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
ഇത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് എം.എല്‍.എ മുന്‍കൈയെടുത്ത് ചര്‍ച്ചക്ക് വഴിയൊരുക്കിയത്. ശനിയാഴ്ച്ച രാവിലെ 9ന് അന്‍വര്‍ സാദത്ത് എം.എല്‍.എ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."