നഗരത്തിലെ ഇറച്ചിക്കടകളില്‍ മിന്നല്‍പരിശോധന
കോഴിക്കോട്: നഗരത്തിലെ അറവുകടകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന. ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇന്നലെ വിവിധ കടകളില്‍ പരിശോധന നടത്തിയത്. മൂന്നാലിങ്ങല്‍, ഫ്രാന്‍സിസ് റോഡ്, കിണാശ്ശേരി എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ആറോളം ചിക്കന്‍കടകളിലും മൂന്ന് ബീഫ് കടകളിലുമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല കടകളും പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെക്കുറിച്ച് ചൊവ്വാഴ്ച കലക്ടര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറിക്കും റിപ്പോര്‍ട്ടു നല്‍കുമെന്നും പരിശോധനയ്ക്കു നേതൃത്വം നല്‍കിയ അഡിഷനല്‍ തഹസില്‍ദാര്‍ അനിതാകുമാരി പറഞ്ഞു.
ഫ്രാന്‍സിസ് റോഡിലെ കടകളില്‍ പരിശോധന നടത്തിയത് ചെറിയ തോതിലുള്ള വാക്കേറ്റത്തിനിടയാക്കി. റമദാന്‍ മാസത്തില്‍ പരിശോധന ശക്തമാക്കുകയാണെന്നും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യം ഓടയിലേക്കു തള്ളുമ്പോള്‍ ഇറച്ചിക്കടകള്‍ക്കെതിരേ മാത്രം നടപടിയെടുക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും കച്ചവടക്കാരും നാട്ടുകാരും ആരോപിച്ചു. ഇതിനിടയില്‍ അറവുമാലിന്യം കൊണ്ടുപോകാന്‍ വന്ന മിനിലോറി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു പരിശോധിച്ചു. ഡ്രൈവര്‍ക്കു ലൈസന്‍സില്ലാത്തതിനാല്‍ തഹസില്‍ദാറുടെ നിര്‍ദേശാനുസരണം ടൗണ്‍ പൊലിസ് വാഹനം കസ്റ്റഡിയിലെടുത്തു.
എന്നാല്‍ കോര്‍പറേഷന്‍ മാലിന്യം കൊണ്ടുപോകാന്‍ കറാര്‍ നല്‍കിയ വാഹനമാണെന്ന് ബോധ്യപ്പെട്ടതോടെ പൊലിസ് വാഹനം ഫൈന്‍ ഈടാക്കി വിട്ടുനല്‍കുകയായിരുന്നു. ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, അഡി. തഹസില്‍ദാര്‍ ഇ. അനിതാ കുമാരി, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായും വിവിധ സ്ഥലങ്ങളില്‍ നിന്ന് മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എച്ച്‌വണ്‍ എന്‍ വണ്‍ എന്നീ മാരക പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലുമാണ് കോര്‍പറേഷന്‍ പരിധിയിലെ ചിക്കന്‍സ്റ്റാളുകള്‍ക്കും ബീഫ് സ്റ്റാളുകള്‍ക്കുമെതിരേ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയത്.
ബീഫ്, ചിക്കന്‍ സ്റ്റാളുകളില്‍ പരിശോധന നടത്തി മൂന്നു ദിവസത്തിനകം കലക്ടര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറിക്കും റിപ്പോര്‍ട്ട് നല്‍കാനാണ് ഈ മൂന്നംഗം സമിതിക്ക് നിര്‍ദേശം നല്‍കിയത്.
സ്റ്റാളുകളില്‍വച്ച് ആടുമാടുകളെ അറവ് നടത്താന്‍ പാടുള്ളതല്ല, കോര്‍പറേഷന്‍ നല്‍കുന്ന ലൈസന്‍സ് ഉണ്ടായിരിക്കണം, ഇറച്ചി, തല, ശരീരഭാഗങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ച് കച്ചവടം നടത്താന്‍ പാടുള്ളതല്ല, ഇറച്ചി കൈകാര്യം ചെയ്യുന്നയാള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം, അറവുമാലിന്യം സ്വമേധയാ ശാസ്ത്രീയമായി സംസ്‌കരിക്കണം ഇത്തരം വിഷയങ്ങളാണ് സമിതി സ്റ്റാളുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തുക. പരിശോധന ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."